മമ്മൂട്ടിയും കമലും വീണ്ടും ഒന്നിക്കുന്നു
മമ്മൂട്ടിയും കമലും വീണ്ടും ഒന്നിക്കുന്നു
മാര്‍ച്ച് 25, 2004
ഒരു ഇടവേളക്ക് ശേഷം മമ്മൂട്ടിയും കമലും ഒന്നിക്കുന്നു. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിന് ശേഷം കമല്‍ മമ്മൂട്ടി ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കും.
മമ്മൂട്ടിയെ നായകനാക്കി കമല്‍ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മഴയെത്തും മുമ്പെ, അഴകിയ രാവണന്‍ എന്നിവയാണ് കമല്‍-മമ്മൂട്ടി ടീമിന്റെ ചിത്രങ്ങള്‍. ഇവ രണ്ടും ഹിറ്റായിരുന്നു. കമലും മമ്മൂട്ടിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രവും ഹിറ്റാക്കാമെന്ന കണക്കുകൂട്ടലിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ കഥ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. സ്വര്‍ഗചിത്രയാണ് ചിത്രം നിര്‍മിക്കുന്നത്.
സൂപ്പര്‍താരങ്ങള്‍ നായകരാവുന്ന ചിത്രങ്ങളോട് ഈയിടെയായി താത്പര്യം പ്രകടിപ്പിക്കാത്ത കമല്‍ മമ്മൂട്ടി ചിത്രത്തിലൂടെ വഴിമാറ്റത്തിനൊരുങ്ങുകയാണ്. സൂപ്പര്‍താര ചിത്രങ്ങളോട് കുറച്ചുകാലമായി വൈമുഖ്യം പ്രകടിപ്പിച്ചിരുന്ന അവര്‍ക്കെതിരെ ചില പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു.
യുവതലമുറയില്‍പ്പെട്ട താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന ചിത്രങ്ങളാണ് കുറച്ചുകാലമായി കമല്‍ സംവിധാനം ചെയ്തുപോരുന്നത്. നവയൗവനത്തിന്റെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന നിറം, നമ്മള്‍, സ്വപ്നക്കൂട് തുടങ്ങിയ കമല്‍ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി.
മോഹന്‍ലാല്‍ നായകനായ അയാള്‍ കഥയെഴുതുകയാണ് ആണ് കമലിന്റെ ഒടുവിലത്തെ സൂപ്പര്‍താരചിത്രം. മോഹന്‍ലാലിനെ നായകനാക്കി ലോഹിതദാസിന്റെ തിരക്കഥയില്‍ ചക്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിവച്ചതാണെങ്കിലും ഏതൊക്കെയോ കാരണങ്ങളാല്‍ അത് മുടങ്ങി. അതോടെ പൂര്‍ണമായും സൂപ്പര്‍താരചിത്രങ്ങളുടെ വഴിയില്‍ നിന്ന് മാറിനടക്കുകയായിരുന്നു കമല്‍. ഏതായാലും പുതിയ മമ്മൂട്ടി ചിത്രത്തോടെ കമലിന് മറ്റൊരു വഴിമാറ്റത്തിന് അവസരമൊരുങ്ങുകയാണ്.
സൗന്ദര്യ പിന്മാറിയതിനെ തുടര്‍ന്ന് മുന്തിരിപ്പൂക്കളുടെ അതിഥി എന്ന ചിത്രം ഉപേക്ഷിച്ച കമല്‍ പുതുമുഖങ്ങള്‍ അഭിനയിക്കുന്ന പുതിയ ചിത്രമൊരുക്കാനുള്ള തിരക്കിലാണ്. ഈ ചിത്രത്തിന് ശേഷമായിരിക്കും മമ്മൂട്ടി ചിത്രം ഒരുക്കുന്നത്.


Click it and Unblock the Notifications