പുതുമുഖങ്ങളുമായി അനിലിന്റെ വയലറ്റ്
പുതുമുഖങ്ങളുമായി അനിലിന്റെ വയലറ്റ്
മാര്‍ച്ച് 25, 2004
പറയാം എന്ന ചിത്രത്തോടെ വേര്‍പിരിഞ്ഞ ഇരട്ടസംവിധായകരായ അനില്‍ബാബുമാരിലെ അനില്‍ ആദ്യമായി സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വയലറ്റ്. പുതുമുഖങ്ങളാണ് ഈ ചിത്രത്തില്‍ നായികാനായകന്‍മാരാവുന്നത്.
പ്രണയകഥ പറയുന്ന ഈ ചിത്രത്തില്‍ നാല് നായകന്‍മാരാണുള്ളത്. പുതുമുഖങ്ങളായ സന്തോഷ് കുമാര്‍, രാജ, ഹാരീസ്, മനോജ് നായര്‍ എന്നിവരാണ് ചിത്രത്തിലെ നായകന്‍മാര്‍. അഞ്ജലി എന്ന പുതുമുഖമാണ് നായിക.
വന്‍വിജയമായ ഫോര്‍ ദി പീപ്പിള്‍ മാതൃകയാക്കി ഒരുക്കുന്ന ചിത്രമാണിതെന്ന് വ്യക്തം. ഫോര്‍ ദി പീപ്പിളിലേതു പോലെ വയലറ്റിലും നാല് പുതുമുഖ നായകന്‍മാരാണ് പ്രത്യക്ഷപ്പെടുന്നത്. നാല് ചെറുപ്പക്കാരുടെ കഥയിലൂടെ പ്രണയത്തിന്റെ വിവിധ മുഖങ്ങളാണ് സംവിധായകന്‍ വയലറ്റില്‍ അവതരിപ്പിക്കുന്നത്.
വിദേശത്ത് ചിത്രീകരിക്കുന്ന മലയാളചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് വയലറ്റിന്. തായ്ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലാണ് ചിത്രീകരണം. കമലിന്റെ സ്വപ്നക്കൂടിന് ശേഷം വിദേശത്ത് ചിത്രീകരണം നടത്തുന്ന ചിത്രമാണിത്. സ്വപ്നക്കൂടിലെ ഗാനരംഗങ്ങള്‍ മാത്രമേ വിദേശത്ത് ചിത്രീകരിച്ചിരുന്നുള്ളൂ. എന്നാല്‍ വയലറ്റ് ഏതാണ്ട് പൂര്‍ണമായും വിദേശത്താണ് ചിത്രീകരിക്കുന്നത്.
തമിഴിലെ ഹാസ്യതാരം വിവേക് ആദ്യമായി അഭിനയിക്കുന്ന അഭിനയിക്കുന്ന മലയാള ചിത്രമെന്ന സവിശേഷത വയലറ്റിനുണ്ട്. ബിജു മേനോന്‍, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ശരത് ഹരിദാസാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബി. ആര്‍. പ്രസാദിന്റെ വരികള്‍ക്ക് ശ്രീനിവാസ് സംഗീതം നല്‍കുന്നു. ദാമോദര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications