ശാന്തം മികച്ച ചിത്രം; മലയാളത്തിന് 9 ദേശീയ അവാര്‍ഡ്
ദില്ലി: ജയരാജ് സംവിധാനം ചെയ്ത ശാന്തത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ്. മികച്ച ചിത്രമുള്‍പ്പെടെ ഒമ്പത് അവാര്‍ഡുകള്‍ മലയാളത്തിന് ലഭിച്ചിട്ടുണ്ട്. മലയാളത്തിനും ഹിന്ദിക്കുമാണ് കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളത്.
മലയാളത്തിന് ലഭിച്ച അവാര്‍ഡുകള്‍:
ശാന്തം (മികച്ച ചിത്രം - സംവിധായകന്‍ ജയരാജ്)
കെ.പി.എ.സി. ലളിത (സഹനടി - ശാന്തം)
ശരത് (നവാഗത സംവിധായകന്‍ - സായാഹ്നം)
യൂസഫലി കേച്ചേരി (ഗാനരചയിതാവ് - മഴ)
ജി. കല (കോറിയോഗ്രഫി - കൊച്ചുകൊച്ചു സന്തോഷങ്ങള്‍)
ഒരു ചെറുപുഞ്ചിരി (പരിസ്ഥിതി അവബോധ ചിത്രം - സംവിധായകന്‍ എം.ടി. വാസുദേവന്‍ നായര്‍)
ഖരാക്ഷങ്ങള്‍ (കുട്ടികള്‍ക്കുള്ള ചിത്രം - സലീം പടിയത്ത്)
ശയനം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ (മികച്ച മലയാള ചിത്രങ്ങള്‍ - സംവിധായകര്‍: എം.പി. സുകുമാരന്‍ നായര്‍, സത്യന്‍ അന്തിക്കാട്)
ദേവനര്‍ത്തകന്‍ (ജീവശാസ്ത്ര ചിത്രം - സംവിധായകന്‍ സുധീഷ് ഗോപാലകൃഷ്ണന്‍).
അനില്‍കപൂര്‍ നടന്‍; രവീണ നടി
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അനില്‍ കപൂറിനാണ്. പുകാറിലെ അഭിനയത്തിനാണ് അനില്‍ കപൂറിന് അവാര്‍ഡ്. രവീണ ടാണ്ടനാണ് മികച്ച നടി. കല്പനാ ലാജ്മി സംവിധാനം ചെയ്ത ദമാന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് രവീണയ്ക്ക് മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്.
ഉത്സബ് എന്ന ബംഗാളി ചിത്രം സംവിധാനം ചെയ്ത റിതുപര്‍ണ ഘോഷിന് മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിക്കും. ദേശിയോദ്ഗ്രഥനത്തിനുള്ള അവാര്‍ഡ് രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്ത പുകാറിനാണ്.
ജൂറി ചെയര്‍മാന്‍മാരായ വൈജയന്തി മാല (ഫീച്ചര്‍), ജോണ്‍ മാത്യു മാത്തന്‍ (നോണ്‍ഫീച്ചര്‍), ഭാരതി പ്രധാന്‍ എന്നിവരാണ് മാര്‍ച്ച് 27 ചൊവാഴ്ച 48ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഫീച്ചര്‍ വിഭാഗത്തില്‍ 128 ചിത്രങ്ങളും നോണ്‍ഫീച്ചര്‍ വിഭാഗത്തിലും 81 ചിത്രങ്ങളും ജൂറിയുടെ പരിഗണനയ്ക്കെത്തി. സ്വര്‍ണകമലവും രജതകമലവും 10,000 രൂപ മുതല്‍ 50,000 രൂപ വരെയുമാണ് പുരസ്കാരങ്ങള്‍.
പ്രസിദ്ധ ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിക്ക് ജൂറിയുടെ പ്രത്യേക അവാര്‍ഡുണ്ട്. ഗൗതം ഘോഷ് സംവിധാനം ചെയ്ത ദേഖാ എന്ന ചിത്രത്തിലെ അഭിനയത്തിനാണിത്. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിലെ ഇല്ലൈ, ഇല്ലൈ സൊല്ല എന്ന ഗാനത്തിന് ശങ്കര്‍ മഹാദേവന് മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചു.


Click it and Unblock the Notifications











