ഇന്ദ്രജിത്തിന് കല്യാണം, വധു പൂര്‍ണിമ
ഇന്ദ്രജിത്തിന് കല്യാണം, വധു പൂര്‍ണിമ
മാര്‍ച്ച് 27, 2002
തിരുവനന്തപുരം : അന്തരിച്ച നടന്‍ സുകുമാരന്റെ മകന്‍ ഇന്ദ്രജിത്ത് വിവാഹിതനാകുന്നു. വധുവും നടിയാണ്. മിനിസ്ക്രീനില്‍ നിന്നും വെളളിത്തിരയിലെത്തിയ നടിയും നര്‍ത്തകിയുമായ പൂര്‍ണിമാ മോഹന്‍. ഏപ്രില്‍ 28ന് എറണാകുളത്തു വച്ചാണ് വിവാഹ നിശ്ചയം. കല്യാണം ഡിസംബറില്‍ നടത്താനാണ് തീരുമാനം.
സുകുമാരന്‍-മല്ലിക ദമ്പതിമാരുടെ മൂത്ത പുത്രനാണ് ഇന്ദ്രജിത്ത്. കമ്പ്യൂട്ടര്‍ ബിരുദധാരിയായ ഇന്ദ്രജിത്ത് ചെന്നൈ നെക്സ് ഏജിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ്.
എറണാകുളത്തെ പ്രശസ്ത അഭിഭാഷകനായ കെ. മോഹനന്റെ മകളാണ് പൂര്‍ണിമ. ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയ രംഗത്തെത്തിയ പൂര്‍ണിമ മികച്ച നര്‍ത്തകിയുമാണ്. സെന്റ് തെരേസാസ് കോളെജിലായിരുന്നു പൂര്‍ണിമയുടെ വിദ്യാഭ്യാസം.
ഇന്ദ്രജിത്തിന്റെ ആദ്യ ചിത്രം പ്രദര്‍ശനത്തിനു തയ്യാറാകുന്നതേയുളളൂ. വിനയന്‍ സംവിധാനം ചെയ്യുന്ന ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ വില്ലനായിട്ടാണ് ഇന്ദ്രജിത്ത് വെളളിത്തിരയില്‍ അരങ്ങേറുന്നത്. വിജി തമ്പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അനുജനൊപ്പം വേഷമിടുന്നുമുണ്ട്.
അനുജന്‍ പ്രിഥ്വിരാജ്, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നന്ദനത്തില്‍ നായകനായി അഭിനയിച്ചു വരികയാണ്. കൈരളി ടിവി സംപ്രേക്ഷണം ചെയ്ത അന്ന എന്ന ടെലിഫിലിമിലെ അഭിനയത്തിന് ഇന്ദ്രജിത്തിന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
സുന്ദര്‍ദാസ് സംവിധാനം ചെയ്ത വര്‍ണക്കാഴ്ചകളാണ് പൂര്‍ണിമയുടെ ആദ്യ ചിത്രം. തുടര്‍ന്ന് വല്യേട്ടന്‍, രണ്ടാം ഭാവം, മേഘമല്‍ഹാര്‍, ഡാനി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. മേഘമല്‍ഹാറിലെ അഭിനയത്തിന് ഏറ്റവും മികച്ച സഹനടിയ്ക്കുളള പുരസ്കാരം പൂര്‍ണിമ നേടി.
2002ല്‍ വിവാഹ തീരുമാനം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ നടിയാണ് പൂര്‍ണിമ. ദിവ്യാ ഉണ്ണിയും സുചിത്രയുമാണ് മറ്റു രണ്ടു പേര്‍.


Click it and Unblock the Notifications