ജാസി ഗിഫ്റ്റ് വീണ്ടും
ജാസി ഗിഫ്റ്റ് വീണ്ടും
മാര്‍ച്ച് 27, 2004
ഫോര്‍ ദി പീപ്പിളിലെ ഗാനങ്ങളിലൂടെ സിനിമാഗാന ശ്രോതാക്കളുടെ ഹരമായി മാറിയ ജാസി ഗിഫ്റ്റ് സംഗീതത്തിന്റെ ലഹരി തീര്‍ക്കാന്‍ വീണ്ടുമെത്തുന്നു. രഞ്ജിത്ത് ലാല്‍ സംവിധാനം ചെയ്യുന്ന എന്നിട്ടും എന്ന ചിത്രം ജാസി ഗിഫ്റ്റ് ഈണം പകര്‍ന്ന ഗാനങ്ങളുമായാണെത്തുന്നത്.
ഫോര്‍ ദി പീപ്പിളിന് ശേഷം ജാസി ഗിഫ്റ്റ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് കൈതപ്രമാണ്. ഫോര്‍ ദി പീപ്പിളിലെ ഗാനങ്ങള്‍ എഴുതിയിരുന്നതും കൈതപ്രമാണ്. കൈതപ്രത്തിന്റെ മനോഹരമായ വരികള്‍ ഫോര്‍ ദി പീപ്പിളിലെ ഗാനങ്ങള്‍ ഹിറ്റായതിന് ഒരു ഘടകമായിരുന്നു. പുതിയ ചിത്രത്തിന് വേണ്ടി ജാസി-കൈതപ്രം ടീം വീണ്ടും ഒന്നിക്കുകയാണ്.
തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡിനു ഡെന്നീസാണ് ചിത്രത്തിലെ നായകന്‍. ഡിനു അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സ്ഫുടം എന്ന ചിത്രത്തിലാണ് ഡിനു ആദ്യമായി അഭിനയിച്ചതെങ്കിലും ഈ ചിത്രം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
എന്നിട്ടും എന്ന ചിത്രത്തില്‍ ഒരു നായകന്‍ കൂടിയുണ്ട്. ആ വേഷം ആരുചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. തമിഴ് നടിമാരായ കനികയും സ്വര്‍ണമല്യയുമാണ് ചിത്രത്തിലെ നായികമാര്‍. കാമ്പസിന്റെ പശ്ചാത്തലത്തിലെ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം.
ജഗതി ശ്രീകുമാര്‍, ലാലു അലക്സ്, കൊച്ചിന്‍ ഹനീഫ, ക്യാപ്റ്റന്‍ രാജു എന്നീ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. നാല് റഷ്യന്‍ നര്‍ത്തകികളും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ഡോ. സി. ജി. രാജേന്ദ്രബാബുവാണ്. സംഭാഷണങ്ങള്‍ രാജേന്ദ്രബാബുവും സംവിധായകനായ രഞ്ജിത്ത് ലാലും ചേര്‍ന്ന് രചിക്കുന്നു. ഛായാഗ്രഹണം ആര്‍. ഡി. രാജശേഖരന്‍.
ബാല്‍കോ വിഷന്റെ ബാനറില്‍ സുരേഷ് ബി. നായരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 10ന് പോണ്ടിച്ചേരിയില്‍ ആരംഭിക്കും.


Click it and Unblock the Notifications