ദിലീപ്-ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ട്
ദിലീപ്-ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ട്
മാര്‍ച്ച് 28, 2005
ദിലീപിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേര് വീണ്ടും മാറ്റി. ചാന്തുപൊട്ട് എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പുതിയ പേര്.
ഗോപികയാണ് ചിത്രത്തില്‍ നായികയാവുന്നത്. ആദ്യമായാണ് ദിലീപിനോടൊപ്പം ഗോപിക അഭിനയിക്കുന്നത്. നേരത്തെ പ്രിയാമണിയെയാണ് ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത്. പ്രിയാമണിയെ മാറ്റാന്‍ തീരുമാനിച്ചതോടെ ഗോപികക്ക് നറുക്ക് വീഴുകയായിരുന്നു.
സ്ത്രീയുടെ വേഷത്തില്‍ വളര്‍ത്തപ്പെടുന്ന ഒരു പുരുഷന്റെ കഥയാണ് ചാന്തുപൊട്ട് പറയുന്നത്. സ്ത്രീയെ പോലെ പെരുമാറുന്ന പുരുഷനായി വേഷമിടുന്ന ദിലീപിന് വ്യത്യസ്തമായൊരു കഥാപാത്രമാണ് ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്.
ലാല്‍, രാജന്‍ പി. ദേവ്, ഹരിശ്രീ അശോകന്‍, സലിംകുമാര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് വിദ്യാസാഗറാണ്. ഛായാഗ്രഹണം അഴകപ്പന്‍.
ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാലാണ് ചിത്രം നിര്‍മിക്കുന്നത്. കല്യാണരാമനു ശേഷം ലാല്‍ നിര്‍മിക്കുന്ന ദിലീപ് ചിത്രമാണ് ചാന്തുപൊട്ട്.


Click it and Unblock the Notifications