ഗൗതം ഘോഷ് ദേശീയ അവാര്‍ഡ് നിരസിച്ചു
കൊല്‍ക്കത്ത: മികച്ച ബംഗാളി ചിത്രത്തിന് ലഭിച്ച ദേശീയ അവാര്‍ഡ് സംവിധായകന്‍ ഗൗതം ഘോഷ് നിരസിച്ചു. ജൂറി അംഗങ്ങള്‍ രാജിവച്ചതുമൂലം അവാര്‍ഡ് പ്രഖ്യാപനം വിവാദമായതിനെത്തുടര്‍ന്നാണ് താന്‍ അവാര്‍ഡ് നിരസിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഘോഷ് സംവിധാനം ചെയ്ത ദേഖാ എന്ന ചിത്രമായിരുന്നു മികച്ച ബംഗാളി ചിത്രമായി തിരഞ്ഞെടുത്തത്.
ഇക്കുറി ചില അവാര്‍ഡുകള്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിനു മുമ്പു തന്നെ തീരുമാനിച്ചവയായിരുന്നു എന്ന് അറിഞ്ഞു. എന്റെ ചിത്രത്തെ ഇത്തരമൊരു വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ എനിക്ക് താല്പര്യമില്ല - ഘോഷ് വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് താന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന് എഴുതുമെന്നും പറഞ്ഞ അദ്ദേഹം വിവാദത്തിലേക്ക് രാഷ്ട്രപതിയുടെ പേര് വലിച്ചിഴച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ടു.
അവാര്‍ഡ് നിര്‍ണയത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിരുന്നുവെന്നും ചില അവാര്‍ഡുകള്‍ നേരത്തെ തീരുമാനിച്ചവയായിരുന്നുവെന്നും ആരോപിച്ച് അവാര്‍ഡ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് മൂന്ന് ജൂറി അംഗങ്ങള്‍ രാജിവച്ചിരുന്നു. സംവിധായകരായ പ്രദീപ് കിഷന്‍, ശശി ആനന്ദ്, ഡാന്‍സര്‍ മധുമിത റൗത് എന്നിവരാണ് രാജിവച്ചത്. മാര്‍ച്ച് 27 ചൊവാഴ്ചയായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.


Click it and Unblock the Notifications











