»   » പെയ്യാത്ത പ്രണയമഴയായി ബറാന്‍

പെയ്യാത്ത പ്രണയമഴയായി ബറാന്‍

Posted By:
Subscribe to Filmibeat Malayalam

പെയ്യാത്ത പ്രണയമഴയായി ബറാന്‍
മാര്‍ച്ച് 29, 2002

തിരുവനന്തരുപം : വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരനായ മജീദ് മജീദിയുടെ ബറാന്‍ എന്ന പ്രണയകഥയാണ് ഏഴാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം. മാര്‍ച്ച് 29 വെളളിയാഴ്ചയാണ് ചലച്ചിത്രോല്‍സവത്തിന് തിരശീല ഉയരുന്നത്. മേള വന്‍ വിജയമാക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

ഇറാനിയന്‍ സിനിമയുടെ കീര്‍ത്തി ലോകമെങ്ങും പരത്തിയ മൊഹ്സീന്‍ മഖ്മല്‍ബഫിന്റെ ചിത്രങ്ങളിലെ നടനായാണ് മജീദ് മജീദി പ്രശസ്തനായത്.

കുടുംബം പോറ്റാന്‍ ചെറുപ്രായത്തില്‍ തന്നെ ആണ്‍വേഷം കെട്ടി നിര്‍മ്മാണത്തൊഴിലാളിയായ ബറാന്‍ എന്ന14 വയസുളള അഫ്ഗാന്‍ സുന്ദരിയുടെ കഥയാണിത്. പറയാത്ത പ്രണയത്തിന്റെയും ത്യാഗത്തിന്റെയും കഥ പറയുന്ന ഈ ചിത്രം ഇതിനകം ലോകമെങ്ങുമുളള ചലച്ചിത്രാസ്വാദകരുടെ ശ്രദ്ധ നേടി.

മഴയുടെ പര്യായമാണ് ബറാന്‍. അച്ഛന്റെ മരണത്തിലൂടെ ബാല്യത്തില്‍ തന്നെ അവള്‍ക്ക് വിധിയുടെ ആദ്യ പ്രഹരമേല്‍ക്കുന്നു. സഹപ്രവര്‍ത്തകമായ ലത്തീഫില്‍ അവള്‍ തന്റെ അഭയം കണ്ടെത്തുന്നു. ലത്തീഫും ബറാനുമായുളള നിശബ്ദപ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നിസ്വാര്‍ത്ഥപ്രണയത്തിന്റെയും ത്യാഗത്തിന്റെയും കഥയാണ് ബറാന്‍. തന്റെ സമ്പാദ്യം മുഴുവന്‍ കൂട്ടിവച്ച് കാമുകിയുടെ കുടുംബത്തിന് താങ്ങാവുന്ന ലത്തീഫ് കൗമാരത്തിന് അന്യമായ ത്യാഗത്തിന്റെയും കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെയും പ്രതീകമാകുന്നു. എന്നാല്‍ വിധിയുടെ കളികള്‍ കമിതാക്കള്‍ക്കെതിരായിരുന്നു.

ഒരു പ്രത്യേക സാഹചര്യത്തില്‍ ബറാനും കുടുംബത്തിനും അഫ്ഗാന്‍ മണ്ണ് ഉപേക്ഷിക്കേണ്ടി വരുന്നു. അപ്പോഴും ലത്തീഫിന്റെയുളളില്‍ പെയ്യാത്ത മഴത്തുളളി പോലെ ബറാനുണ്ടായിരുന്നു. അവളുടെ കുടുംബവും.

പ്രണയത്തിന്റെ പുതിയ അനുഭവമാകും മലയാളി പ്രേക്ഷകര്‍ക്ക് ഈ ചിത്രം. സമ്പന്നമായ ഇറാനിയന്‍ ചലച്ചിത്രലോകത്തെ എന്നും ആദരവോടെ അംഗീകരിച്ച കേരളത്തിലെ സിനിമാസ്വാദകര്‍ ഈ ചിത്രത്തെയും മജീദ് മജീദിയെയും സ്വീകരിക്കുമെന്നുറപ്പ്.

ഇന്ത്യന്‍ സിനിമ: ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് സമകാലിക സിനിമയുടെ നേര്‍ക്കാഴ്ചകള്‍ എന്നു വിളിക്കാവുന്ന നാലുചിത്രങ്ങളാണ്. ഫരീദയുടെ ഹിന്ദി ചിത്രമായ കാലി സല്‍വാര്‍, ഓസ്ക്കാറിന്റെ പടിപ്പുര വരെയെത്തിയ അഷുതോഷ് ഗൗരികറിന്റെ ലഗാന്‍, നടി രേവതി സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രംമിത്ര്, കെ. എന്‍. ടി. ശാസ്ത്രിയുടെ തെലുങ്കു ചിത്രം തിലദാനം എന്നിവ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X