താരങ്ങള്‍ക്ക് കരാറുമായി ചേംബര്‍
കൊച്ചി: ചലച്ചിത്രം അഭിനയിയ്ക്കുന്നതിന് മുമ്പ് താരങ്ങള്‍ നിര്‍ബന്ധമായും ഒപ്പിടേണ്ട കരാറിന് കേരള ഫിലിം ചേംബര്‍ അവസാന രൂപം നല്‍കി.
പുതുതായി രൂപം നല്‍കിയ കരാറനുസരിച്ച് ചിത്രത്തിനായി കരാറൊപ്പിട്ടുകഴിഞ്ഞാല്‍ ഒരു അഭിനേതാവിന്മേലുള്ള സര്‍വ നിയന്ത്രണവും നിര്‍മ്മാതാവിനായിരിയ്ക്കും. മാത്രമല്ല ഒരു ചിത്രത്തില്‍ അഭിനയിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരു വര്‍ഷത്തേയ്ക്ക് സ്വദേശത്തോ വിദേസത്തോ ഒരു സ്റേജ് പരിപാടികളിലും പങ്കെടുക്കാനും പാടില്ല.
ഏത് തര്‍ക്കത്തിലും തീര്‍പ്പ് കല്‍പിക്കാനുള്ള അവസാന അധികാരം ചേമ്പറിനായിരിയ്ക്കും. താരങ്ങളെപൂര്‍ണമായി വരുതിക്ക് നിര്‍ത്തുന്ന വ്യവസ്ഥകള്‍ കരാറിലുണ്ട്.
11-ാം വ്യവസ്ഥപ്രകാരം നിര്‍മാതാവിന് എപ്പോള്‍ വേണമെങ്കിലും ഒരു താരത്തെ കാരണംപറയാതെ ഉപേക്ഷിക്കാം. താരത്തിന് അതുവരെ ചെയ്ത പണിക്ക് കൂലി ചോദിക്കാം. മറ്റൊരവകാശവും ഉണ്ടായിരിക്കില്ല. ഉപേക്ഷിച്ചയാള്‍ക്ക് പകരം നിര്‍മാതാവിന് യഥേഷ്ടം മറ്റൊരാളെ എടുക്കാം. നിര്‍മാതാവിന് നല്‍കിയ സമയത്ത് അദ്ദേഹത്തിന്റെ രേഖാമൂലമുള്ള അനുവാദമില്ലാതെ താരത്തിന് മറ്റെങ്ങും പോകാനാവില്ല. താരത്തിന്റെ പ്രശ്നംകൊണ്ട് കരാര്‍ പ്രകാരം പദ്ധതിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിര്‍മാതാവിന് നഷ്ടപരിഹാരം നല്‍കണം.
ഒരു ചിത്രം റിലീസ് ചെയ്ത് 12 മാസത്തേക്ക് അതിലെ താരങ്ങള്‍ ഇന്ത്യക്കകത്തോ പുറത്തോ താരനിശ, സ്റേജ് ഷോ തുടങ്ങിയവയില്‍ പങ്കെടുക്കരുത്. ഫിലിം ചേംബറിന്റെ രേഖാമൂലമുള്ള അനുവാദമില്ലാതെ ടെലിവിഷന്‍ പരിപാടികളിലും പങ്കെടുക്കരുത്.
നിര്‍മാതാവിന്റെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാല്‍ ഷെഡ്യൂള്‍ നീട്ടേണ്ടിവന്നാല്‍ താരം സമയം നീട്ടിനല്‍കണം.
നിര്‍മാതാവും താരങ്ങളും തമ്മിലുള്ള എല്ലാ തര്‍ക്കവും തീര്‍ക്കാനുള്ള അധികാരം ചേംബറിനായിരിക്കുമെന്നാണ് അവസാന വ്യവസ്ഥ. അവരുടെ തീരുമാനം അന്തിമമായിരിക്കും. ഡബിങ്ങ്സമയത്ത് താരത്തെ കിട്ടിയില്ലെങ്കില്‍ നിര്‍മാതാവിന് മറ്റാരെ വച്ചും ഡബിങ്ങ് പൂര്‍ത്തിയാക്കാം.
ഈ കരാറിലെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യാനായി താരസംഘടനയായ അമ്മ ഏപ്രില്‍ ഒന്നിന് അടിയന്തര വിശേഷാല്‍ പൊതുയോഗം ചേരുന്നുണ്ട്.


Click it and Unblock the Notifications