twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമകളെല്ലാം ഫോര്‍ ദി പീപ്പിള്‍ മയം

    By Staff
    |

    സിനിമകളെല്ലാം ഫോര്‍ ദി പീപ്പിള്‍ മയം
    മാര്‍ച്ച് 29, 2004

    ഏതാനും പുതുമുഖങ്ങളുമായി പരീക്ഷണത്തിനൊരുങ്ങിയ ജയരാജ് ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒരു പുതുതരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങള്‍ പുതുമുഖങ്ങളായിവരുന്ന ഈ ചിത്രം നേടിയ വന്‍വിജയം പുതിയ ഒരു ഹിറ്റ്ഫോര്‍മുല തന്നെ സൃഷ്ടിച്ചുകഴിഞ്ഞു.ഈ ചിത്രത്തിന്റെ മാതൃകയില്‍ പുതുമുഖങ്ങളായ നവയുവാക്കള്‍ നായികാനായകന്‍മാരായി വരുന്ന ഒരു പിടി ചിത്രങ്ങളാണ് മലയാളത്തില്‍ ഒരുങ്ങുന്നത്.

    ലബ്ധപ്രതിഷ്ഠരായ സംവിധായകരും വന്‍വിജയം നേടിയ ഫോര്‍ ദി പീപ്പിളിനെ ഒരു മാതൃകയായി എടുത്തിരിക്കുകയാണെന്നതാണ് കൗതുകകരം. പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കി ചിത്രമൊരുക്കുന്നവരില്‍ പ്രഗത്ഭ സംവിധായകരായ കമലും ലോഹിതദാസും ഹരിഹരനും സിബി മലയിലും രഞ്ജിത്തും ഉള്‍പ്പെടും.

    ലോഹിതദാസും ഹരിഹരനും തങ്ങളുടെ പുതിയ ചിത്രങ്ങള്‍ക്ക് പുതുമുഖങ്ങളെ തേടുകയാണ്. മാധ്യമങ്ങളില്‍ പുതുമുഖങ്ങളെ തേടുന്നുവെന്ന പരസ്യവും അവര്‍ നല്‍കിയിട്ടുണ്ട്. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന ലോഹിതദാസ് ചിത്രത്തിന്റെ പേര് ചെമ്പട്ട് എന്നാണ്.

    പുതുമുഖങ്ങളെ അണിനിരത്തി സിബി മലയില്‍ ഒരുക്കുന്ന പ്രണയകഥ പറയുന്ന ചിത്രമാണ് വാലന്റെയിന്‍സ് ഡേ. പുതുമുഖങ്ങളുമായി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിന്റെ പേര് ഹലോ എന്നാണ്. കാമ്പസ് പശ്ചാത്തലത്തിലുള്ളതാണ് ചിത്രത്തിന്റെ കഥ.

    മുന്തിരിപ്പൂക്കളുടെ അതിഥി എന്ന ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കാനിരുന്ന കമല്‍ ആ പദ്ധതി ഉപേക്ഷിച്ചാണ് പുതുമുഖ ചിത്രമൊരുക്കുന്നത്. രണ്ട് പ്സസ് ടു വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് കമല്‍ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കലവൂര്‍ രവികുമാറാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

    ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തെ മാതൃകയാക്കി മൂന്നോ നാലോ പുതുമുഖ നായകന്‍മാരും ഒന്നോ രണ്ടോ പുതുമുഖ നായികമാരും അണിനിരക്കുന്ന ഏതാനും ചിത്രങ്ങളാണ് ഒരുങ്ങുന്നത്. മിക്ക ചിത്രങ്ങളുടെയും പ്രമേയം ഫോര്‍ ദി പീപ്പിള്‍ പോലെ കാമ്പസ് പശ്ചാത്തലത്തിലുള്ള കഥയാണ്. അനുകരണം എന്ന് തോന്നിപ്പോവുന്ന വിധം ഫോര്‍ ദി പീപ്പിള്‍ ചിത്രത്തിന്റെ അന്തരീക്ഷം നിലനിര്‍ത്തി ഒരുക്കുന്ന ചിത്രങ്ങളാണിവ. സ്റുഡന്റ്സ്, വയലറ്റ്, പാസ് പാസ്, കളേഴ്സ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഫോര്‍ ദി പീപ്പിള്‍ സൃഷ്ടിച്ച തരംഗത്തില്‍ മുളപൊട്ടിയ ചിത്രങ്ങളാണ്.

    മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന സ്റുഡന്റ്സ് എന്ന ചിത്രത്തില്‍ ദേവ്, ഷാനവാസ്ഖാന്‍, സുരേഷ്ഖാന്‍ എന്നീ പുതുമുഖങ്ങളാണ് നായകന്മാരാവുന്നത്. പുതുമുഖങ്ങളായ രമ്യാ കര്‍ത്ത, രാജേശ്വരി എന്നിവരാണ് നായികമാര്‍. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വിദ്യാര്‍ഥികളുടെ പ്രണയത്തിന്റെയും ആഘോഷത്തിന്റെയും അന്തരീക്ഷത്തില്‍ ഒരുക്കുന്ന ചിത്രമാണ് ഇത്.

    അനില്‍ ബാബുമാരിലെ അനില്‍ സംവിധാനം ചെയ്യുന്ന വയലറ്റ് എന്ന ചിത്രത്തില്‍ ഫോര്‍ ദി പീപ്പിളിലേതു പോലെ നാല് നായകന്‍മാരാണുള്ളത്. നാല് പേരും പുതുമുഖങ്ങളാണ്. നായികയും പുതുമുഖം. സന്തോഷ് കുമാര്‍, രാജ, ഹാരീസ്, മനോജ് നായര്‍, അഞ്ജലി എന്നിവരാണ് ഈ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറുന്നത്. ഈ ചിത്രത്തിന്റെ പ്രമേയവും പ്രണയകഥയാണ്.

    നവാഗത സംവിധായകനായ അനില്‍ ചന്ദ്രന്‍ ഒരുക്കുന്ന കളേഴ്സ് എന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ ശ്യാം, അഭിജിത് എന്നിവരാണ് നായകന്‍മാരാവുന്നത്. നായികയും പുതുമുഖം തന്നെ- ഗൗരി.

    റെജി മാത്യു സംവിധാനം ചെയ്യുന്ന പാസ് പാസ് എന്ന ചിത്രത്തില്‍ കോളജ് കാമ്പസുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളാണ് നായികാനായകന്‍മാരാവുന്നത്. രാജു വി. നായര്‍, വി. കെ. പ്രകാശ്, റെജി മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

    ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിന്റെയും ഗാനങ്ങളുടെയും വിതരണക്കാരനായ ജോണി സാഗരിക ഫോര്‍ ദി പീപ്പിളിലെ നായകന്‍മാരെ പ്രധാനകഥാപാത്രങ്ങളാക്കി മറ്റൊരു ചിത്രം നിര്‍മിക്കുന്നുണ്ട്. സതീഷ് പോള്‍ എന്ന നവാഗത സംവിധായകനാണ് ഈ ചിത്രം ഒരുക്കുന്നത്. സംവിധായകനായ സിദ്ദിക്ക് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നു.

    അങ്ങനെ പുതുമുഖങ്ങളുടെ ഒരു വന്‍നിര തന്നെ മലയാള സിനിമയിലെത്തുകയാണ്. ഇത്രയേറെ പുതുമുഖങ്ങള്‍ ഒന്നിച്ച് മലയാളത്തില്‍ അരങ്ങേറുന്നത് ആദ്യമായാണ്. കാമ്പസ് പശ്ചാത്തലത്തിലുള്ള ഇത്രയേറെ ചിത്രങ്ങളും ഒന്നിച്ച് ഒരുക്കപ്പെടുന്നത് ആദ്യം. ഏതൊക്കെ ചിത്രങ്ങള്‍ക്ക് ഫോര്‍ ദി പീപ്പിളിന്റെ വിജയം ആവര്‍ത്തിക്കാനാവുമെന്നും ഏതൊക്കെ പുതുമുഖങ്ങള്‍ ശ്രദ്ധേയരാവുമെന്നുമാണ് ഇനി അറിയാനുള്ളത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X