നാനാ പടേക്കര്‍ മലയാളത്തില്‍ ലാലിനൊപ്പം
നാനാ പടേക്കര്‍ മലയാളത്തില്‍ ലാലിനൊപ്പം
മാര്‍ച്ച് 31, 2005
ഹിന്ദിയില്‍ വ്യത്യസ്തമായ അഭിനയശൈലിയുമായി തിളങ്ങിനില്‍ക്കുന്ന നാനാ പടേക്കര്‍ മലയാളത്തിലെത്തുന്നു. അഭിനയിക്കുന്നത് മോഹന്‍ലാലിനൊപ്പം!
ഭദ്രന്‍ സംവിധാനം ചെയ്യുന്ന ഉടയോന്‍ എന്ന ചിത്രത്തിലൂടെയാണ് നാനാ പടേക്കറുടെ മലയാളത്തിലെ അരങ്ങേറ്റം. ഇന്ത്യന്‍ സിനിമയിലെ അതികായരായ രണ്ട് നടന്‍മാരുടെ സംഗമമാണ് ഭദ്രന്‍ ചിത്രത്തില്‍ സംഭവിക്കുന്നത്.
മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ നാനാ പടേക്കര്‍ വില്ലനായാണ് വേഷമിടുന്നത്. ഹിന്ദിയിലെ പ്രഗത്ഭ നടന്‍മാരില്‍ അമരീഷ്പുരിയാണ് ഇതിന് മുമ്പ് മോഹന്‍ലാല്‍ ചിത്രത്തില്‍ വില്ലനായി വേഷമിട്ടിട്ടുള്ളത്. കാലാപാനി എന്ന ചിത്രത്തില്‍ അമരീഷ്പുരിക്ക് ക്രൂരനായ വില്ലന്റെ വേഷമായിരുന്നു. ഇപ്പോഴിതാ നാനാ പടേക്കറും അമരീഷ്പുരിക്ക് പിന്നാലെ മോഹന്‍ലാല്‍ ചിത്രത്തില്‍ വില്ലനായി അഭിനയിക്കാന്‍ മലയാളത്തിലെത്തുന്നു.
ഒട്ടേറെ ഹിന്ദി ചിത്രങ്ങളില്‍ അസാധാരണമായ അഭിനയശൈലിയിലൂടെ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായിട്ടുള്ള നാനാപടേക്കര്‍ ഒരു ഗ്രാമത്തിന്റെ അധിപനും ക്രൂരനുമായ മുണ്ടപ്പെരുമാള്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തന്റെ ആധിപത്യത്തിന്‍കീഴില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് നീതി നിഷേധിക്കുന്ന മുണ്ടപ്പെരുമാളുമായി മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ ശൂരനാട് കുഞ്ഞ് ഏറ്റുമുട്ടുന്നു.
രണ്ട് കരുത്തന്‍മാരായ കഥാപാത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ചിത്രത്തില്‍ മോഹന്‍ലാലും നാനാപടേക്കറും തമ്മിലുള്ള ഈ ഏറ്റമുട്ടലാവുന്നതോടെ പ്രേക്ഷകരെ ഉദ്വേഗഭരിതരാക്കുന്ന മുഹൂര്‍ത്തങ്ങള്‍ ഒരുക്കപ്പെടുമെന്ന് ഭദ്രന്‍ പറയുന്നു. ഉടയോന്റെ ചിത്രീകരണം പൊള്ളാച്ചിയില്‍ നടന്നുവരികയാണ്.


Click it and Unblock the Notifications