അണ്ണന്‍ തമ്പിയ്‌ക്ക് ശേഷം മല്ലനും മാതേവനും

ഹാസ്യ ചിത്രങ്ങളുടെ തമ്പുരാക്കന്മാരായ ഷാഫിയും തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകള്‍ മാത്രമേ പിറന്നിട്ടുള്ളൂ.മമ്മൂട്ടിയെ നായകനാക്കി മല്ലനും മാതേവനുമെന്ന ചിത്രം ഒരുക്കുമ്പോള്‍ ഹിറ്റുകളുടെ വിജയഗാഥ ആവര്‍ത്തിയ്‌ക്കാന്‍ തന്നെയാണ് ഷാഫിയുടെയും ബെന്നിയുടെയും ശ്രമം.
സിനിമകളുടെ വിജയത്തിന് പിന്നില്‍ പേരിന്റെ പ്രധാന്യം നന്നായി മനസ്സിലാക്കിയവരാണിവര്‍. തങ്ങളുടെ സിനിമകളുടെ പേരുകള്‍ കുട്ടികളുടെ മനസ്സില്‍ പോലും പെട്ടെന്ന് കയറിക്കൂടണമെന്ന് ഇരുവര്‍ക്കും ഏറെ നിര്‍ബന്ധമുണ്ട്.
തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ് അവസാനം അണ്ണന്‍ തമ്പി ഇവ തന്നെയാണ് ഇതിന് ഉദാഹരണങ്ങള്‍. 'മല്ലനും മാതേവനു'മെന്ന രസകരമായ പേര് പുതിയ ചിത്രത്തിനിട്ടതും ഇക്കാരണം കൊണ്ട് തന്നെയാണ്.
മലയാള സിനിമയിലെ ഏറ്റവും പുതിയ സംരംഭമായ എബിഎസ് കമ്പയന്‍സിന്റെ ബാനറില്‍ നിര്‍മ്മിയ്ക്കുന്ന മല്ലനും മാതേവന്റെയും തിരക്കഥാ ജോലികള്‍ പുരോഗമിയ്ക്കുകയാണ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആന്റോ ജോസഫ്, ബെന്നി പി നായരമ്പലം, ഷാഫി എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച എബിഎസ് കമ്പയന്‍സിന്റെ ആദ്യ ചിത്രമായ ലോലിപോപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ക്രിസ്‌മസിന് ചിത്രം തിയറ്ററുകളിലെത്തും.


Click it and Unblock the Notifications