മലയാളം കീഴടക്കാന്‍ മീന, ലയ, പത്മ
മലയാളം കീഴടക്കാന്‍ മീന, ലയ, പത്മ
ഏപ്രില്‍ 01, 2005
ഒരു ഇടവേളക്ക് ശേഷം മലയാളത്തില്‍ ഇപ്പോള്‍ വീണ്ടും സൂപ്പര്‍താര ആധിപത്യത്തിന്റെ കാലമാണ്. ചെറുകിട ചിത്രങ്ങള്‍ വന്‍പരാജയത്തിലകപ്പെടുകയും യുവനായകരുടെ ചിത്രങ്ങള്‍ തിരസ്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളാവുന്ന കാഴ്ചയാണ് മലയാളത്തില്‍.
സൂപ്പര്‍താരങ്ങള്‍ വീണ്ടും പഴയ പ്രൗഢി വീണ്ടെടുക്കുമ്പോള്‍ ഇവരുടെ നായികമാരായെത്തുന്ന നടിമാര്‍ക്കും അവസരങ്ങളേറുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി അഭിനയിക്കുന്നത് പലപ്പോഴും അന്യഭാഷാ നടികളായതുകൊണ്ട് അവര്‍ക്ക് മലയാളത്തില്‍ നല്ല സമയമാണ്. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളിലൂടെ അവരും മലയാളത്തില്‍ തിളങ്ങുന്നു.
നവ്യാനായരെയും കാവ്യാമാധവനെയും പോലെ തന്നെ അവസരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി മീനയെയും പത്മപ്രിയയെയും ലയയെയും തേടിയെത്തുന്നു. സൂപ്പര്‍താര ചിത്രങ്ങളില്‍ നായികമാരാവാനായി അന്യഭാഷയില്‍ നിന്നെത്തുന്ന ഇവര്‍ ഈ ചിത്രങ്ങളുടെ വന്‍വിജയത്തിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുന്നു. മലയാളത്തിലെ മുന്‍നിര നായികമാരായ കാവ്യ, നവ്യ, ഭാവന തുടങ്ങിയവരേക്കാളും ഇപ്പോള്‍ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് അന്യഭാഷയില്‍ നിന്നെത്തുന്ന ലയയും മീനയും പത്മപ്രിയയുമൊക്കെയാണ്.
മലയാളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിജയം കൊയ്ത ഒരു ചിത്രത്തില്‍ പോലും മലയാളനടിമാര്‍ അഭിനയിച്ചിട്ടില്ല. അതേ സമയം വിജയമായ ചിത്രങ്ങളിലെല്ലാം അന്യഭാഷാനടിമാരുടെ സാന്നിധ്യമുണ്ട്. ആ ചിത്രങ്ങളുടെ വിജയം അവര്‍ക്ക് പിന്നീട് അവസരങ്ങള്‍ നേടിക്കൊടുത്തു.
കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ കാഴ്ചയില്‍ നായികയായത് തെലുങ്കില്‍ നിന്നെത്തിയ പത്മപ്രിയയാണ്. കാഴ്ചയുടെ വന്‍വിജയവും ആ ചിത്രത്തിലെ തന്റെ പ്രകടനവും പത്മപ്രിയയെ മലയാളത്തിന്റെ നടിയാക്കിമാറ്റി. തുടര്‍ന്ന് ജയറാം ചിത്രം അമൃതത്തില്‍ നായികയായ പത്മപ്രിയ ഇപ്പോള്‍ അഭിനയിക്കുന്നത് മോഹന്‍ലാലിനൊപ്പം വടക്കുംനാഥനിലാണ്. കഥ പറയും തെരുവോരം എന്ന ചിത്രത്തിലും പത്മപ്രിയ വേഷമിട്ടു.
കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന് ശരാശരി വിജയം നേടിക്കൊടുത്ത ഏകചിത്രമായ നാട്ടുരാജാവില്‍ നായികയായത് മീനയായിരുന്നു. ആ ചിത്രത്തെ തുടര്‍ന്ന് മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായി മാറിയ മോഹന്‍ലാല്‍ ചിത്രം ഉദയനാണ് താരത്തിലാണ് മീന അഭിനയിച്ചത്. ആ ചിത്രത്തിലെ അഭിനയം മീനക്ക് പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ മീന അഭിനയിക്കുന്നത് മോഹന്‍ലാല്‍ നായകനായ ചന്ദ്രോത്സവത്തിലാണ്.
സൂപ്പര്‍താരത്തിന് നായികയാവാന്‍ അന്യഭാഷയില്‍ നിന്നെത്തിയ മറ്റൊരു നടിയാണ് ലയ. മമ്മൂട്ടി ചിത്രം തൊമ്മനും മക്കളും വന്‍വിജയത്തിലേക്ക് കുതിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതോടെ ആ ചിത്രത്തിലെ നായിക ലയ ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി ചിത്രത്തിന് ശേഷം രണ്ട് ചിത്രങ്ങളിലാണ് ലയക്ക് അവസരം ലഭിച്ചത്. ജയറാം ചിത്രം ആലീസ് ഇന്‍ വണ്ടര്‍ലാന്റിലും മോഹന്‍ലാല്‍ ചിത്രം ഉടയോനിലും.
മലയാളത്തിലെ ടീനേജ് നടിമാരേക്കാള്‍ മികച്ചുനില്‍ക്കുന്ന അഭിനയം ഇവര്‍ കാഴ്ചവയ്ക്കുന്നുവെന്നതും ശ്രദ്ധേയമാണ്. കാഴ്ചയിലെ പത്മപ്രിയയുടെ അഭിനയവും ഉദയനാണ് താരത്തിലെ മീനയുടെ പ്രകടനവും മികച്ചതായിരുന്നു. ഈ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ നടിമാരായി ഇവരെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു.


Click it and Unblock the Notifications