ഉദയനാണ് താരം പുസ്കകരൂപത്തില്‍
ഉദയനാണ് താരം പുസ്കകരൂപത്തില്‍
ഏപ്രില്‍ 01, 2005
മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായി മാറിയ ഉദയനാണ് താരത്തിന്റെ തിരക്കഥ പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നു.
മോഹന്‍ലാലിനെ നായകനാക്കി നവാഗതനായ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ഉദയനാണ് താരത്തിന്റെ തിരക്കഥ രചിച്ചത് ശ്രീനിവാസനാണ്. മലയാളത്തില്‍ എക്കാലവും ഓര്‍ക്കപ്പെടുന്ന ചില ചിത്രങ്ങളുള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുള്ള ശ്രീനിവാസന്റെ ഒരു തിരക്കഥ പുസ്തകരൂപത്തിലിറങ്ങുന്നത് ആദ്യമായാണ്.
സിനിമാലോകത്തിന്റെ കഥ പറയുന്ന ഉദയനാണ് താരത്തിന്റെ പൂര്‍ണമായ തിരക്കഥ ഷൂട്ടിംഗിന് മുമ്പു തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഇങ്ങനെയൊരു അനുഭവം ആദ്യമായാണെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.
കൊല്ലം സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കുന്നത്. ഒട്ടേറെ പതിപ്പുകള്‍ വിറ്റഴിഞ്ഞ പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ പ്രസിദ്ധീകരിച്ച പ്രസാധകരാണ് സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ്.
കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാഴ്ച എന്ന ചിത്രത്തിന്റെ തിരക്കഥ ഇതുപോലെ പുസ്തകരൂപത്തില്‍ ഇറങ്ങിയിരുന്നു. ഒരു ചിത്രം റിലീസ് ചെയ്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുസ്തകരൂപത്തിലിറങ്ങുന്ന മലയാളത്തിലെ ആദ്യത്തെ തിരക്കഥ കാഴ്ചയുടേതായിരുന്നു.


Click it and Unblock the Notifications