ലാലുമൊത്ത് രഞ്ജിയുടെ പുതിയ ചിത്രം
ലാലുമൊത്ത് രഞ്ജിയുടെ പുതിയ ചിത്രം
ഏപ്രില്‍ 1, 2006
ഭരത്ചന്ദ്രന്‍ ഐപിഎസ് രഞ്ജിപ്പണിക്കരുടെ സമയദോഷം മാറ്റിമറിച്ച ചിത്രമാണ്. ഒരു പിടി സൂപ്പര്‍ഹിറ്റുകളുടെ തിരക്കഥാകൃത്തുക്കളായി പേരെടുത്തിട്ടും ഒന്നോ രണ്ടോ ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ രഞ്ജി പണിക്കര്‍ക്ക് ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടേണ്ടിവന്നു. എന്നാല്‍ ഭരത്ചന്ദ്രന്‍ ഐപിഎസിന്റെ വന്‍വിജയം രഞ്ജിയുടെ സൂപ്പര്‍നായകനെ പോലെ എല്ലാ തിരിച്ചടികള്‍ക്കും കണക്കുതീര്‍ക്കലായി.
ഭരത്ചന്ദ്രന്‍ ഐപിഎസില്‍ സുരേഷ് ഗോപിയാണ് നായകനായതെങ്കില്‍ രഞ്ജിയുടെ പുതിയ ചിത്രം മോഹന്‍ലാലുമൊത്താണ്. കരിയറിലെ മറ്റൊരു നേട്ടമാവേണ്ട പ്രൊജക്ട്. ഭരത്ചന്ദ്രന്‍ ഐപിഎസിനു നിര്‍മാതാവിനെ കിട്ടാതെ രഞ്ജി തന്നെ പണമിറക്കേണ്ടി വന്നെങ്കില്‍ പുതിയ ചിത്രം നിര്‍മിക്കുന്നതു പ്രശസ്തമായ ബാനറിനു കീഴിലാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
നേരത്തെ മോഹന്‍ലാലിനെ നായകനാക്കി ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ രഞ്ജി ഒരു ചിത്രം നിര്‍മിക്കാന്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതാണ്. നരന്‍ എന്ന് പേരിട്ട ചിത്രത്തിന്റെ പൂജ വരെ ചെയ്തിരുന്നതാണ്. എന്നാല്‍ തിരക്കഥാ രചന പുരോഗമിക്കുന്നതിനിടയിലാണ് ആ പ്രൊജക്ട് ഉപേക്ഷിച്ചത്. രഞ്ജി പണിക്കരുടെ ആക്ഷന്‍ ചിത്രം വിജയിക്കുമോയെന്ന ആശങ്കയാണ് ആന്റണി പെരുമ്പാവൂരിനെയും മോഹന്‍ലാലിനെയും ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചത്. പിന്നീട് നരന്‍ എന്ന പേര് രഞ്ജിയുടെ അനുവാദത്തോടെ മോഹന്‍ലാലിന്റെ ജോഷി ചിത്രത്തിന് ഉപയോഗിച്ചു.
രഞ്ജി പണിക്കര്‍ സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ ഭരത്ചന്ദ്രന്‍ ഐപിഎസ് വന്‍വിജയമായതോടെ വീണ്ടും മോഹന്‍ലാലുമായി ഒന്നിക്കാനുള്ള വേദിയൊരുങ്ങിയിരിക്കുകയാണ്. പഴയ പ്രൊജക്ടില്‍ നിന്ന് പിന്‍മാറിയ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രവും നിര്‍മിക്കുന്നത് എന്നത് മറ്റൊരു കൗതുകം.


Click it and Unblock the Notifications