പ്രജാപതിയായി മമ്മൂട്ടി
പ്രജാപതിയായി മമ്മൂട്ടി
ഏപ്രില്‍ 2, 2006
ദേവര്‍മഠം നാരായണന്‍. കേരള അതിര്‍ത്തിയിലുള്ള പെരുമാള്‍പുരം ഗ്രാമത്തില്‍ അയാള്‍ ഒരു പ്രജാപതിയെ പോലെയാണ്. അയാള്‍ പറയുന്നതു മാത്രമേ അവിടെ നടക്കൂ.
പെരുമാള്‍പുരത്ത് മദ്യഷാപ്പുകളില്ല. രാഷ്ട്രീയപാര്‍ട്ടികളില്ല. എന്തിന് ഹോട്ടലുകള്‍ പോലുമില്ല. പെരുമാള്‍പുരത്തേക്ക് പ്രവേശിക്കുന്നിടത്ത് അവിടെ എന്തൊക്കെ ചെയ്യാന്‍ പാടില്ല, എന്തൊക്കെ ചെയ്യാന്‍ പാടുണ്ട് എന്ന് വിശദമാക്കുന്ന ബോര്‍ഡ് കാണാം.
ആര്‍ക്കും ദേവര്‍മഠം നാരായണന്റെ വീട്ടിലേക്ക് വരാം. സൗജന്യമായി ഭക്ഷണം കഴിക്കാം. പെരുമാള്‍പുരത്ത് പിന്നെന്തിന് ഹോട്ടലുകള്‍? ഭക്ഷണം സൗജന്യമായി നല്‍കാനുള്ളതാമെന്ന് ദേവര്‍മഠം നാരായണന്‍ കരുതുന്നു. അയാള്‍ പറയുന്നത് ലംഘിക്കാന്‍ പെരുമാള്‍പുരത്ത് ആരും ധൈര്യപ്പെടില്ല.
രഞ്ജിത്ത് ഒരുക്കുന്ന പ്രജാപതിയിലെ മമ്മൂട്ടിയുടെ അതിശക്തമായ കഥാപാത്രമാണ് ദേവര്‍മഠം നാരായണന്‍. പ്രജാപതിയുടെ ചിത്രീകരണം ഗോപിച്ചെട്ടിപ്പാളയത്ത് നടന്നുവരികയാണ്.
ശ്രീനിവാസന്‍, നെടുമുടി വേണു, സീമ, തിലകന്‍, സിദ്ദിഖ്, സായികുമാര്‍, ഭീമന്‍ രഘു, മണിയന്‍പിള്ള രാജു തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. അദിതി റാവുവും സന്ധ്യയുമാണ് നായികമാര്‍.
രാജമാണിക്യത്തിനു ശേഷം വലിയ വീട്ടില്‍ സിറാജ് നിര്‍മിക്കുന്ന പ്രജാപതിയില്‍ ജൂലൈ ഏഴിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications