മീരയ്ക്ക് പകരം കാവ്യ
മീരയ്ക്ക് പകരം കാവ്യ
ഏപ്രില്‍ 04, 2004
കലാസംവിധായകനായ സാബു സിറിള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന അനന്തഭദ്രം എന്ന ചിത്രത്തില്‍ മീരാ ജാസ്മിന് പകരം കാവ്യാ മാധവന്‍ നായികയാവും.
മീരാ ജാസ്മിന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് കാവ്യാ മാധവനെ പകരം കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഹൊറര്‍ ചിത്രമായ അനന്തഭദ്രത്തില്‍ സര്‍പ്പസൗന്ദര്യമുള്ള നായികയുടെ വേഷമാണ് കാവ്യാ മാധവന്.
അഡ്വാന്‍സ് വാങ്ങിയതിന് ശേഷമാണത്രെ മീരാ ജാസ്മിന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയത്. മീര ഇപ്പോള്‍ ലോഹിതദാസ് സംവിധാനം ചെയ്യുന്ന ചെമ്പട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ്.
അനന്തഭദ്രത്തിന്റെ താരനിര്‍ണയത്തില്‍ ഇത് രണ്ടാമത്തെ തവണയാണ് മാറ്റം വരുത്തുന്നത്. ആദ്യം ചിത്രത്തില്‍ നായകനായി തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെയാണ്. എന്നാല്‍ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യമില്ലെന്ന് പറഞ്ഞ് മമ്മൂട്ടി പിന്മാറിയതിനെ തുടര്‍ന്ന് ആ കഥാപാത്രം ബിജു മേനോനെ ഏല്പിച്ചു.
പൃഥ്വിരാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. പൃഥ്വിരാജിന്റെ നായികയായാണ് കാവ്യ അഭിനയിക്കുന്നത്. പൃഥ്വിരാജും കാവ്യാ മാധവനും നായികാനായകന്‍മാരാവുന്ന രണ്ടാമത്തെ ചിത്രമാണിത്. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച കഥ ഇതുവരെ റിലീസായിട്ടില്ല.
മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. മലയാള മനോരമയുടെ ജനപ്രിയനോവലിനുള്ള അവാര്‍ഡ് ലഭിച്ച അനന്തഭദ്രം എന്ന ഹൊറര്‍ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവല്‍ രചിച്ച സുനില്‍ പരമേശ്വരന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്.


Click it and Unblock the Notifications