സംവിധായകനായി മുകേഷ്
സംവിധായകനായി മുകേഷ്
ഏപ്രില്‍ 04, 2005
മഹാവിജയമായ ഉദയനാണ് താരത്തിലെ ബേബിച്ചന്‍ എന്ന സിനിമാ നിര്‍മാതാവിന്റെ വേഷം മുകേഷിന്റെ അഭിനയജീവിതത്തിലെ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ്. തന്റെ പതിവുശൈലിയില്‍ നിന്നും തീര്‍ത്തും വിഭിന്നമായ ഇത്തരമൊരു മുകേഷ് കഥാപാത്രത്തെ മുമ്പ് കണ്ടിട്ടില്ല. ഉദയനാണ് താരത്തിനു ശേഷം ഒരാള്‍ എന്ന ചിത്രത്തിലും മുകേഷിന് വ്യത്യസ്തമായ കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്.
ഉദയനാണ് താരത്തില്‍ സിനിമാനിര്‍മാതാവായാണ് വേഷമിട്ടതെങ്കില്‍ നവാഗതനായ കുക്കു സംവിധാനം ചെയ്യുന്ന ഒരാള്‍ എന്ന ചിത്രത്തില്‍ ചലച്ചിത്ര സംവിധായകനായാണ് മുകേഷ് അഭിനയിക്കുന്നത്. ഗൗതംശങ്കര്‍ എന്ന ചലച്ചിത്ര സംവിധായകനായി പുതിയ രൂപഭാവങ്ങളില്‍ മുകേഷിനെ ഈ ചിത്രത്തില്‍ കാണാം.
തികച്ചും അന്തര്‍മുഖനായ ഗൗതംശങ്കറിന്റെ കാമുകിയാണ് ഇഷ. ഗൗതത്തിന്റേതില്‍ നിന്നും വിപരീതമാണ് ഇഷയുടെ പ്രകൃതം. ഇരുവരുടെയും ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു അപരിചിതന്‍ അവര്‍ക്കിടയില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്.
ഇഷയായി അഭിനയിക്കുന്നത് ശ്രേയ റെഡ്ഢിയാണ്. എസ്എസ് മ്യൂസിക് ചാനലിലെ അവതാരകയെന്ന നിലയില്‍ പ്രശസ്തയായ ശ്രേയ റെഡ്ഢി ബ്ലാക്കിനു ശേഷം അഭിനയിക്കുന്ന മലയാള ചിത്രമാണിത്. കൃഷ്ണന്‍ എന്ന പുതുമുഖ നടന്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നവാഗത സംവിധായനായ കുക്കുവിന്റെ കഥയ്ക്ക് ടി. പി. ദേവരാജനാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്.


Click it and Unblock the Notifications