twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു അപൂര്‍വ സംഗമം

    By Staff
    |

    ഒരു അപൂര്‍വ സംഗമം
    ഏപ്രില്‍ 04, 2005

    ജീവിതസംഘര്‍ഷങ്ങള്‍ പേറുന്ന സാധാരണക്കാരായ കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടെ അഭിനയമികവിന് ഉദാഹരണങ്ങളായിട്ടുണ്ട്. ഭൂതക്കണ്ണാടിയിലെ വിദ്യാധരനും കാഴ്ചയിലെ മാധവനും മമ്മൂട്ടി അവിസ്മരണീയമാക്കിയ അത്തരം കഥാപാത്രങ്ങളാണ്. കമല്‍ സംവിധാനം ചെയ്യുന്ന രാപ്പകല്‍ എന്ന ചിത്രത്തിലെ കൃഷ്ണന്‍കുട്ടി ആ ജനുസില്‍ പെടുന്ന മമ്മൂട്ടിയുടെ വേഷങ്ങളോട് ചേര്‍ത്തുവയ്ക്കാവുന്ന കഥാപാത്രമാണ്.

    മമ്മൂട്ടിയോടൊപ്പം മത്സരിച്ചഭിനയിക്കാന്‍ മലയാളം കണ്ട എക്കാലത്തെയും മികച്ച നടിമാരിലൊരാളായ ശാദരയുമുണ്ട് ഈ ചിത്രത്തില്‍. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയും മൂന്ന് തവണ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ശാരദയും ആദ്യമായി ഒന്നിക്കുന്നുവെന്ന സവിശേഷതയുണ്ട് രാപ്പകലിന്- ഒരു അപൂര്‍വ സംഗമം. മമ്മൂട്ടിയുടെ കൃഷ്ണന്‍കുട്ടിയും ശാരദയുടെ സരസ്വതിവര്‍മയുമാണ് രാപ്പകലിലെ കേന്ദ്രകഥാപാത്രങ്ങള്‍.

    ഈശ്വരമംഗലം കോവിലകത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കോവിലകത്തിന് അവകാശികളായി പലരുമുണ്ടെങ്കിലും അവരൊന്നും അങ്ങോട്ടേക്ക് വരാറില്ല. സരസ്വതിവര്‍മ മാത്രമാണ് ആ കോവിലകത്ത് ഇപ്പോള്‍ താമസിക്കുന്നത്. വാര്‍ധക്യത്തിലെ ഒറ്റപ്പെട്ട ജീവിതത്തിന് വിധിക്കപ്പെട്ട അവര്‍ക്ക് കൂട്ടായി ആ വീട്ടില്‍ ഒരാള്‍ മാത്രമാണുള്ളത്- കൃഷ്ണന്‍കുട്ടി.

    പറഞ്ഞുവരുമ്പോള്‍ കൃഷ്ണന്‍കുട്ടി ആ കോവിലകത്തെ ആരുമല്ല. എന്നാല്‍ തറവാട്ടിലെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നത് അയാളാണ്. കോവിലകത്തിന്റെ മുക്കും മൂലയും അയാള്‍ക്ക് പരിചിതം. ആ കോവിലകത്തിന്റെ ഭാഗമാണ് അയാള്‍. അവിടത്തെ പക്ഷികളോടും വൃക്ഷങ്ങളോടും പോലും സംസാരിക്കുന്ന അയാള്‍ക്ക് നിഷ്കളങ്കവും സ്നേഹം നിറഞ്ഞതുമായ ഒരു മനസുണ്ട്.

    സരസ്വതിയമ്മക്ക് കൃഷ്ണന്‍കുട്ടി ഒരു മകനെ പോലെയാണ്. തന്റെ അമ്മയെ പോലെയാണ് അവരെ കൃഷ്ണ്‍കുട്ടി സ്നേഹിക്കുന്നത്. അസാധാരണമായ ഒരാത്മബന്ധം അവര്‍ക്കിടയിലുണ്ട്. ഒട്ടും സംഭവബഹുലമല്ലാത്ത അവരുടെ ജീവിതം അങ്ങനെ മുന്നോട്ടുപോവുന്നതിനിടയിലാണ് കോവിലകത്തേക്ക് ബന്ധുക്കള്‍ എത്തിത്തുടങ്ങിയത്. അവരുടെ വരവ് സരസ്വതിയമ്മയുടെയും കൃഷ്ണന്‍കുട്ടിയുടെയും ജീവിതത്തില്‍ വഴിത്തിരിവായി മാറുകയായിരുന്നു.

    കാഴ്ചയിലെ മാധവനു ശേഷം മമ്മൂട്ടിക്ക് ലഭിക്കുന്ന മികച്ച വേഷമാണ് കൃഷ്ണന്‍കുട്ടി. നീണ്ട ഇടവേളക്കു ശേഷം ശാരദയുടെ ശക്തമായ കഥാപാത്രത്തെയും രാപ്പകലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് കാണാം.

    ഇരട്ടനായികമാരാണ് ഈ ചിത്രത്തില്‍- നയന്‍താരയും ഗീതുമോഹന്‍ദാസും. ബാലചന്ദ്രമേനോന്‍, വിജയരാഘവന്‍, സലിംകുമാര്‍, ജനാര്‍ദനന്‍, കലാശാല ബാബു, സുരേഷ് കൃഷ്ണ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ലിഷോയി, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, കലാഭവന്‍ സന്തോഷ്, ദിനേശ്, പൂര്‍ണിമ, താരാകല്യാണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    ടി. എ. റസാക്കിന്റേതാണ് തിരക്കഥ. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു. ഛായാഗ്രഹണം പി. സുകുമാര്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X