മീര വാസുദേവിന്റെ പുതിയ വേഷം
മീര വാസുദേവിന്റെ പുതിയ വേഷം
ഏപ്രില്‍ 4, 2006
തന്മാത്ര എന്ന ചിത്രത്തിനൊപ്പം ആ ചിത്രത്തിലെ മീര വാസുദേവ് അവതരിപ്പിച്ച കഥാപാത്രത്തെയും പ്രേക്ഷകര്‍ മനസിലേറ്റി. ഒരു കുടുംബിനിയായി ജീവിക്കാന്‍ ആ ചിത്രത്തില്‍ മീരക്കു കഴിഞ്ഞിരുന്നു. ഒട്ടും ഗ്ലാമറസല്ലാത്ത കഥാപാത്രമായിരുന്നു അത്.
കലാഭവന്‍ മണി നായകനാവുന്ന കലി ആണ് മീരയുടെ മലയാളത്തിലെ പുതിയ ചിത്രം. തന്മാത്രയിലെ കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തമായി ഈ ചിത്രത്തില്‍ അല്പം ഗ്ലാമറസായി മീര പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു ഗാനരംഗത്തിലാണ് മീരയുടെ ഈ പ്രകടനം.
ഡോ.രാജഗോപാല്‍ എന്ന കഥാപാത്രത്തെയാണ് കലാഭവന്‍ മണി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രാജഗോപാലിന്റെ ഭാര്യ രജനിയുടെ വേഷത്തിലാണ് മീര.
തെങ്ങുകയറ്റക്കാരനായ ഗോപാലന്റെ മകനാണ് രാജഗോപാലന്‍. പാറമടയില്‍ കല്ലുടച്ചും മറ്റും സ്കൂളില്‍ പോകാന്‍ പണം കണ്ടെത്തിയിരുന്ന രാജഗോപാലനെ കൂടുതല്‍ പഠനത്തിനായി സഹായിച്ചത് കുഞ്ഞൂട്ടന്‍ വൈദ്യരാണ്. കുഞ്ഞൂട്ടന്‍ വൈദ്യരുടെ സഹായവും സ്വന്തം അധ്വാനവും കൊണ്ട് ഒരു ഡോക്ടറാവുക എന്ന ലക്ഷ്യം രാജഗോപാല്‍ നിറവേറ്റി.
ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ന്യൂറോളജിസ്റായി പ്രവേശിച്ച രാജഗോപാല്‍ ബന്ധുവായ നാരായണമേനോന്റെ മകള്‍ രജനിയെയാണ് വിവാഹം ചെയ്തത്. രാജഗോപാലിന് ആശുപത്രിയിലെ ഡോക്ടര്‍ ജീവിതം അത്ര സുഗമമായിരുന്നില്ല. അവിടുത്തെ അനീതികള്‍ കണ്ടില്ലെന്ന് നടിക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല.
കുഞ്ഞൂട്ടന്‍ വൈദ്യരുടെ വേഷത്തിലെത്തുന്നത് തിലകനാണ്. ഇന്ദ്രജിത്ത്, വിജയരാഘവന്‍, രാമു, അനില്‍ മുരളി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഗീഥാ സലാം, ഡോ.ബിജിലി റോഷന്‍, കുക്കു പരമേശ്വരന്‍, സോണിയ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
അനില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും ഹംസ കയനിക്കരയുടെയും ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര ഈണം പകര്‍ന്നിരിക്കുന്നു.


Click it and Unblock the Notifications