വിഷുവിന് താരയുദ്ധം

By Staff

വിഷുവിന് താരയുദ്ധം
ഏപ്രില്‍ 05, 2005

ഇത്തവണ വിഷുവിന് നാല് ചിത്രങ്ങളെങ്കിലും തിയേറ്റിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ട് പ്രദര്‍ശനം തുടരുന്ന മമ്മൂട്ടി ചിത്രം തൊമ്മനും മക്കളും മറ്റ് ചിത്രങ്ങളോട് മത്സരിക്കാനുണ്ടാവും.

മോഹന്‍ലാല്‍ ചിതം ചന്ദ്രോത്സവം, ദിലീപ് നായകനാവുന്ന കൊച്ചിരാജാവ് എന്നിവയാണ് വിഷുവിന് ഏറെ പ്രതീക്ഷകളുമായെത്തുന്ന ചിത്രങ്ങള്‍. പൃഥ്വിരാജിനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് ഏപ്രില്‍ ഒന്നിന് തിയേറ്ററുകളിലെത്തി. ജയറാമിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, പൗരന്‍, സര്‍ക്കാര്‍ ദാദ എന്നിവയില്‍ ഒരു ചിത്രം വിഷുവിന് റിലീസ് ചെയ്തേക്കും.

മോഹന്‍ലാല്‍, ദീലീപ് ചിത്രങ്ങളായ ചന്ദ്രോത്സവവും കൊച്ചിരാജാവുമായണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന വിഷു ചിത്രങ്ങള്‍. റെക്കോഡ് വിജയം നേടിയ ഉദയനാണ് താരത്തിന് ശേഷമെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് ചന്ദ്രോത്സവം. രാവണപ്രഭു എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുകയാണ് ചന്ദ്രോത്സവത്തില്‍. മോഹന്‍ലാലിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളും ചേര്‍ത്താണ് ചന്ദ്രോത്സവം ഒരുക്കിയിരിക്കുന്നത്.

രഞ്ജിത്തിന്റെ തിരക്കഥയില്‍ ജനിച്ച ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു എന്നീ ചിത്രങ്ങള്‍ പോലെ വന്‍വിജയമാവുമെന്ന പ്രതീക്ഷയോടെയാണ് ചന്ദ്രോത്സവം എത്തുന്നത്. മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്ന ശ്രീഹരി എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ആരാധകരെ ലക്ഷ്യമിട്ട് രൂപപ്പെടുത്തിയതാണ്. മീന നായികയാവുന്ന ചിത്രത്തില്‍ കുശ്ബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

റണ്‍വേക്കു ശേഷം ശരാശരി വിജയം നേടിയ ഒരു ചിത്രം പോലും ക്രെഡിറ്റിലില്ലാത്ത ദിലീപ് ഏറെ പ്രതീക്ഷയോടെയാണ് കൊച്ചിരാജാവുമായി വിഷുവിനെത്തുന്നത്. രസികന്റെ പരാജയത്തിനു ശേഷം ദിലീപ് ഈ ചിത്രത്തിലൂടെ തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ദിലീപിന്റെ ഒടുവിലത്തെ സൂപ്പര്‍ഹിറ്റ് ചിത്രം സിഐഡി മൂസയുടെ സംവിധായകന്‍ ജോണി ആന്റണിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ഒരു ദിലീപ് ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തമാശ രംഗങ്ങള്‍ മേമ്പൊടി ചേര്‍ത്തൊരുക്കിയിരിക്കുന്ന കൊച്ചി രാജാവില്‍ രംഭയും കാവ്യാമാധവനുമാണ് നായികമാര്‍. ചിരിരംഗങ്ങള്‍ കൊഴുപ്പിക്കാന്‍ ജഗതി ശ്രീകുമാറും ഹരിശ്രീ അശോകനുമുണ്ട്.

സൂപ്പര്‍താര ചിത്രങ്ങളുമായി മത്സരിക്കുന്ന വിനയന്‍ ചിത്രം അത്ഭുതദ്വീപ് വിഷുവിന് രണ്ടാഴ്ച മുമ്പുതന്നെ തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന ഈ ചിത്രത്തില്‍ മല്ലികാകപൂറാണ് നായിക.

വിഷുവിനായി മൂന്ന് ജയറാം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനൊരുങ്ങിയിട്ടുണ്ട്- സിബി മലയിലിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, സുന്ദര്‍ദാസിന്റെ പൗരന്‍, ശശിശങ്കറിന്റെ സര്‍ക്കാര്‍ ദാദ. ഇവയില്‍ ഒരു ചിത്രം വിഷുവിനെത്തിയേക്കും. അമൃതം, ഫിംഗര്‍പ്രിന്റ് എന്നിവയുടെ പരാജയത്തിനു ശേഷമാണ് ഒരു ജയറാം ചിത്രം വീണ്ടുമെത്തുന്നത്. മോഹന്‍ലാല്‍, ദിലീപ് ചിത്രങ്ങളുമായി മത്സരിച്ച് ഒരു ഹിറ്റ് നേടുക എന്നത് ജയറാമിനെ സംബന്ധിച്ച് കരിയറില്‍ അത്യാവശ്യമായി തീര്‍ന്നിരിക്കുകയാണ്.

ഈ ചിത്രങ്ങള്‍ക്കു പുറമെ ഈസ്ററിന് പ്രദര്‍ശനം തുടങ്ങിയ തൊമ്മനും മക്കളും വിഷു സീസണിലും എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും തുടരും. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടിയെടുത്ത തൊമ്മനും മക്കളും വന്‍വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഫലത്തില്‍ വിഷുവിന് മത്സരം അഞ്ച് ചിത്രങ്ങള്‍ തമ്മിലാണ്.

വിഷുക്കാലത്ത് തമിഴ്നാട്ടിലും പുതുവര്‍ഷപ്പിറവിയാണ്. രജനീകാന്തിന്റെ ചമുഖി, കമലഹാസന്റെ മുംബൈ എക്സ്പ്രസ് എന്നീ ചിത്രങ്ങള്‍ ഏപ്രിലില്‍ തമിഴ്നാട്ടില്‍ റിലീസ് ചെയ്യും. അതേ സമയം തന്നെ ഈ ചിത്രങ്ങള്‍ കേരളത്തിലും റിലീസിംഗിനെത്തുന്നതോടെ ഇത്തവണ വിഷുവിന് താരയുദ്ധം കൊഴുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X