ഗാനരംഗങ്ങള്‍ ലാല്‍ജോസിന്റെ വക
ഗാനരംഗങ്ങള്‍ ലാല്‍ജോസിന്റെ വക
ഏപ്രില്‍ 06, 2004
ഗാനങ്ങളും ഗാനരംഗങ്ങളും സിനിമയുടെ വിജയത്തെ നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകമായി തീര്‍ന്നിരിക്കുകയാണ്. ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ ഗാനരംഗങ്ങള്‍ ടിവി ചാനലുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നതിനാല്‍ അതീവസൂക്ഷ്മതയോടെയാണ് ഇപ്പോള്‍ ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നത്.
ഗാനരംഗങ്ങള്‍ക്ക് മുമ്പില്ലാത്ത പ്രാധാന്യം കൈവന്നതോടെ ഗാനരംഗങ്ങളില്‍ പാളിച്ച വരാതെ സൂക്ഷിക്കുന്നതില്‍ എല്ലാ സംവിധായകരും അതീവശ്രദ്ധ കാട്ടുന്നുണ്ട്. ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ ചില സംവിധായകര്‍ക്ക് പ്രത്യേക മികവാണ്. അത്തരം സംവിധായകരുടെ സഹായം മറ്റ് സംവിധായകര്‍ തേടാറുമുണ്ട്.
ജോഷി ചിത്രമായ റണ്‍വെയാണ് ഇതിന് ഒടുവിലത്തെ ഉദാഹരണം. ദിലീപ് നായകനായ ഈ ചിത്രത്തിലെ ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നത് ലാല്‍ ജോസ് ആണ്. ആക്ഷന്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ വൈദഗ്ധ്യമുള്ള ജോഷി ദിലീപിനെ ആക്ഷന്‍ ഹീറോയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ ഗാനരംഗങ്ങള്‍ സംവിധാനം ചെയ്യാന്‍ ലാല്‍ ജോസിനെ ക്ഷണിക്കുകയായിരുന്നു.
ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ ആദ്യചിത്രത്തോടെ തന്നെ ലാല്‍ ജോസ് മികവ് തെളിയിച്ചതാണ്. സൂപ്പര്‍വിജയമായ മീശമാധവനിലെ ഗാനരംഗങ്ങളോടെ ലാല്‍ ജോസ് ഗാനരംഗ ചിത്രീകരണത്തില്‍ സ്പെഷ്യലിസ്റായി. ഈ ചിത്രത്തിലെ ഗാനരംഗങ്ങള്‍ ലാല്‍ ജോസിന് ഏറെ പ്രശംസ നേടിക്കൊടുത്തതാണ്. മീശമാധവനിലെ ഗാനങ്ങളും ഗാനരംഗങ്ങളും ചിത്രത്തിന്റെ വിജയത്തില്‍ പ്രധാനഘടകവുമായി.
മറ്റൊരു സംവിധായകന് വേണ്ടി ലാല്‍ജോസ് ഗാനരംഗം സംവിധാനം ചെയ്യുന്നത് ആദ്യമായല്ല. ലാല്‍ജോസിന്റെ ഗുരുവായ കമല്‍ തന്നെ അദ്ദേഹത്തിന്റെ സഹായം തേടിയിട്ടുണ്ട്. കമലിന്റെ ഗ്രാമഫോണ്‍ എന്ന ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിച്ചത് ലാല്‍ജോസാണ്.
പ്രിയദര്‍ശനും ടി. കെ. രാജീവ്കുമാറുമൊക്കെ മറ്റ് സംവിധായകരുടെ ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനരംഗങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഷാജി കൈലാസിന്റെ നരസിഹത്തിലെ ഒരു ഗാനരംഗം ചിത്രീകരിച്ചത് പ്രിയദര്‍ശനാണ്. ജി. എസ്. വിജയന്‍ സംവിധാനം ചെയ്ത കവര്‍സ്റോറി എന്ന ചിത്രത്തിലെ ഗാനരംഗം ടി. കെ. രാജീവ്കുമാറാണ് ചിത്രീകരിച്ചത്.


Click it and Unblock the Notifications