»   » മമ്മൂട്ടി പൊലീസ് വേഷങ്ങളില്‍ സജീവം

മമ്മൂട്ടി പൊലീസ് വേഷങ്ങളില്‍ സജീവം

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടി പൊലീസ് വേഷങ്ങളില്‍ സജീവം
ഏപ്രില്‍ 06, 2004

മലയാളത്തില്‍ പൊലീസ് വേഷങ്ങളില്‍ ഏറ്റവും കസറിയിട്ടുള്ള നടന്‍ മമ്മൂട്ടിയായിയിരിക്കും. മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങള്‍ എന്നും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. കരിയറിലെ മമ്മൂട്ടിയുടെ മികച്ച വേഷങ്ങളില്‍ അദ്ദേഹത്തിന്റെ പൊലീസ് വേഷങ്ങളും പെടും.

സേതുരാമയ്യര്‍ സിബിഐ എന്ന ചിത്രത്തിന്റെ വിജയത്തോടെ മമ്മൂട്ടിയുടെ സ്ക്രീനിലെ പഴയ പൊലീസ് പ്രതാപം തിരിച്ചുവന്നിരിക്കുകയാണ്. ശാന്തനും കൗശലക്കാരനുമായ സിബിഐ ഓഫീസറായ സേതുരാമയ്യരുടെ വേഷത്തില്‍ സ്ക്രീനില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് സൂപ്പര്‍ഹിറ്റ് സൃഷ്ടിച്ച മമ്മൂട്ടി തന്റെ ഇമേജ് മെച്ചപ്പെടുത്തുകയായിരുന്നു.

പൊലീസ് വേഷം അഭിനയിക്കാനുള്ള മമ്മൂട്ടിയുടെ പ്രത്യേക ചാതുരി പ്രയോജനപ്പെടുത്താന്‍ സേതുരാമയ്യര്‍ സിബിഐയില്‍ കെ. മധുവിന് കഴിഞ്ഞു. ഇപ്പോള്‍ പ്രഗത്ഭരായ രണ്ട് സംവിധായകര്‍ കൂടി മമ്മൂട്ടിയെ പൊലീസ് വേഷത്തില്‍ അവതരിപ്പിക്കുകയാണ്. ഷാജി കൈലാസിന്റെയും ഐ. വി. ശശിയുടെയും ചിത്രങ്ങളില്‍ പൊലീസ് ഓഫീസറായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

ഷാജി കൈലാസിന്റെ ബ്രാന്റ് എന്ന ചിത്രമാണ് പൊലീസ് ഓഫീസറായി കസറാനുള്ള അവസരം മമ്മൂട്ടിക്ക് വീണ്ടും ഒരുക്കുന്നത്. ബ്രാന്റ് ബ്രഹ്മാനന്ദന്‍ എന്ന പൊലീസ് ഓഫീസറാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം. ദി ട്രൂത്ത് എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസ് വീണ്ടും മമ്മൂട്ടിയെ പൊലീസ് വേഷത്തില്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍.

ഐ. വി. ശശിയുടെ ചിത്രത്തില്‍ സേതുരാമയ്യര്‍ സിബിഐയിലേതു പോലെ മമ്മൂട്ടിയുടെ ഒരു പഴയ പൊലീസ് വേഷം പുനര്‍ജനിക്കുകയാണ്. ആവനാഴി, ഇന്‍സ്പെകര്‍ ബല്‍റാം എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടി അവതരിപ്പിച്ച ഇന്‍സ്പെകര്‍ ബല്‍റാം എന്ന കഥാപാത്രമാണ് പുനര്‍ജനിക്കുന്നത്.

താരാദാസ് വേഴ്സസ് ബല്‍റാം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അതിരാത്രം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കള്ളക്കടത്തുകാരനായ താരാദാസ് എന്ന കഥാപാത്രവും പുനര്‍ജനിക്കുന്നുണ്ട്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

മൂന്ന് പൊലീസ് വേഷങ്ങളാണ് മമ്മൂട്ടി അടുപ്പിച്ചുചെയ്യുന്നത്. പ്രഭത്ഭരായ തിരക്കഥാകൃത്തുക്കളാണ് മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങള്‍ക്ക് രൂപം നല്‍കുന്നത്. സേതുരാമയ്യര്‍ സിബിഐ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ്. എന്‍. സ്വാമിയാണ് ബ്രാന്റിന് തിരക്കഥ രചിക്കുന്നത്. ഐ. വി. ശശിയുടെ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ടി. ദാമോദരനും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X