മധുചന്ദ്രലേഖ പരാജയത്തിലേക്ക്
മധുചന്ദ്രലേഖ പരാജയത്തിലേക്ക്
ഏപ്രില്‍ 7, 2006
ജയറാം-രാജസേനന്‍ ടീം നീണ്ട ഇടവേളക്കു ശേഷം വീണ്ടും കൈകോര്‍ത്തത് മുങ്ങിക്കൊണ്ടിരിക്കുന്ന ഇരുവരുടെയും കരിയര്‍ ഒരു കരയ്ക്കടുപ്പിക്കുക എന്ന ഏകലക്ഷ്യത്തോടെയാണ്. എന്നാല്‍ ഇരുവരുടെയും പ്രതീക്ഷകള്‍ തകര്‍ത്ത് മധുചന്ദ്രലേഖ വന്‍പരാജയത്തിലേക്ക് നീങ്ങുകയാണ്.
തിയേറ്ററുകളിലെ പ്രേക്ഷക പ്രതികരണം ചിത്രം ഒരു ബോക്സോഫീസ് ദുരന്തമാവുമെന്ന സൂചന നല്‍കിക്കഴിഞ്ഞു. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ചയാവുമ്പോഴേക്കും തിയേറ്ററുകളിലെ പ്രേക്ഷകസാന്നിധ്യം ശുഷ്കമായി. കണ്ടിരിക്കാവുന്ന ചിത്രമെന്ന അഭിപ്രായം പ്രേക്ഷകരിലുണ്ടാക്കാന്‍ ജയറാമിനും രാജസേനനും കഴിഞ്ഞിട്ടില്ല.
ജയറാമും ഉര്‍വശിയും നീണ്ട കാലത്തിനു ശേഷം ഒന്നിക്കുന്നുവെന്നതായിരുന്നു ചിത്രത്തിന്റെ പ്രധാന സവിശേഷത. എന്നാല്‍ ഭാര്യാഭര്‍ത്താക്കന്‍മാരായി അഭിനയിക്കുന്ന ഇരുവരും ചേര്‍ന്നുള്ള പല രംഗങ്ങളും പ്രേക്ഷകര്‍ക്ക് അരോചകമായാണ് അനുഭവപ്പെടുന്നത്.
ചിത്രത്തിന്റെ കഥയെയും തിരക്കഥയെയും വിചിത്രമെന്നേ വിശേഷിപ്പിക്കാനാവൂ. കുടുംബ ചിത്രമെന്ന പേരില്‍ തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തിലേക്ക് കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പോന്ന തിരക്കഥ ഒരുക്കാന്‍ രഘുനാഥ് പലേരിക്ക് കഴിഞ്ഞിട്ടില്ല.
എഴുപതുകളുടെ അവസാനത്തില്‍ ഇറങ്ങിയ ഇവര്‍കള്‍ വ്യത്യാസ മാനവര്‍കള്‍ എന്ന ചിത്രത്തിന്റെ കഥയാണ് മധുചന്ദ്രലേഖക്ക് ഉപയോഗിച്ചിരിക്കുന്നത് എന്ന വിമര്‍ശനവുമുണ്ട്. അതെന്തായാലും വര്‍ഷങ്ങള്‍ക്കു ശേഷം ചില പ്രശ്നങ്ങളുടെ പേരിലുണ്ടായിരുന്ന പിണക്കം മറന്ന് രാജസേനനും ജയറാമും ഒന്നിച്ചത് ഒരു പരാജയ ചിത്രം ഒരുക്കാന്‍ വേണ്ടി മാത്രമായിരുന്നു.


Click it and Unblock the Notifications