twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സീനത്ത് അമന്‍ മലയാളത്തില്‍

    By Staff
    |

    സീനത്ത് അമന്‍ മലയാളത്തില്‍
    ഏപ്രില്‍ 08, 2004

    രാജീവ്നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മോക്ഷം. ഹിന്ദിയിലെ മുന്‍തലമുറയിലെ ഗ്ലാമര്‍താരമായ സീനത്ത് അമന്‍ ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രമെന്ന സവിശേഷത മോക്ഷത്തിനുണ്ട്.

    കസാക്കിസ്ഥാന്റെ പശ്ചാത്തലത്തിലാണ് രാജീവ്നാഥ് ഈ ചിത്രം ഒരുക്കുന്നത്. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് രാജീവ്നാഥിന് നേടിക്കൊടുത്ത ജനനിക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന മലയാള ചിത്രമാണിത്.

    രാധാമാധവന്‍നായര്‍ എന്ന കഥാപാത്രത്തിന്റെ മാനിസകസംഘര്‍ഷങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. ഒരു യാത്രയ്ക്കിടയില്‍ കസാക്കിസ്ഥാനില്‍ വച്ച് മരിച്ച തന്റെ അമ്മയുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാനായി ഉഴലുന്ന രാധാമാധവന്‍നായരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

    തന്റെ അമ്മ അമേരിക്കയില്‍ വച്ച് മരിച്ചപ്പോഴുണ്ടായ മാനസികാവസ്ഥയാണ് ചിത്രത്തിന്റെ പ്രമേയത്തിന് പ്രചോദനമായതെന്ന് രാജീവ്നാഥ് പറഞ്ഞു. ചിത്രത്തിന്റെ മിക്കഭാഗവും പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ കസാക്കിസ്ഥാനിലാണ് ചിത്രീകരിക്കുന്നത്. രാജീവ്നാഥിന്റെ കഴിഞ്ഞ ചിത്രമായ മാമാ ഈസ് വെയ്റ്റിംഗ് എന്ന ഇംഗ്ലീഷ് സിനിമ റഷ്യയിലാണ് ചിത്രീകരിച്ചിരുന്നത്.

    ടിവി സീരിയല്‍ നടനായ അനൂപ് മേനോനാണ് രാധാമാധവന്‍നായരായി അഭിനയിക്കുന്നത്. നേരത്തെ ജയറാമിനായി നിശ്ചയിച്ചിരുന്ന വേഷമാണിത്. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ജയറാം വിസമ്മതിച്ചു.

    സീനത്ത് അമന്‍ മോക്ഷത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദിയിലെ മുന്‍തലമുറയിലെ മുന്‍നിര നായികയായിരുന്ന സീനത്ത് അമന്റെ വളരെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും മോക്ഷത്തിലേത്.

    ജഗതി ശ്രീകുമാറും നന്ദുവുമാണ് ചിത്രത്തിലെ മറ്റ് രണ്ട് അഭിനേതാക്കള്‍. ഏതാനും കഥാപാത്രങ്ങള്‍ മാത്രമുള്ള ചിത്രമാണിത്. അഴകപ്പനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ഒരു ഗാനം മാത്രമേയുള്ളൂ. കാവാലാം നാരായണപ്പണിക്കര്‍ രചിച്ച ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ബാലഭാസ്കറാണ്.

    ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യം മാത്രമേ ചിത്രത്തിനുള്ളൂ. റഷ്യന്‍, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലേക്കും ചിത്രം ഡബ് ചെയ്യും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X