മുകേഷിന് വീണ്ടും നായകവേഷം
മുകേഷിന് വീണ്ടും നായകവേഷം
ഏപ്രില്‍ 09, 2004
ഉപനായകവേഷങ്ങളില്‍ ഒതുക്കപ്പെടുന്ന മുകേഷിന് വീണ്ടും നായകവേഷം. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മുകേഷ് നായകനാവുന്നത്.
ചൂണ്ടയ്ക്ക് ശേഷം വേണുഗോപന്‍ ഒരുക്കുന്ന ചിത്രമാണിത്. ഉപനായകവേഷത്തില്‍ നിന്ന് മോചനം ലഭിക്കുന്ന മുകേഷിന് ഈ ചിത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ട്.
രഘുനാഥ് പലേരിയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന ചിത്രത്തിനാണ് ഇതിന് മുമ്പ് അവസാനമായി രഘുനാഥ് പലേരി തിരക്കഥയൊരുക്കിയത്.
ശരാശരി വിജയം കൊയ്തിട്ടുള്ള ഏതാനും ചിത്രങ്ങളില്‍ നായകനായിട്ടുള്ള മുകേഷ് ഇടക്കാലത്താണ് ഉപനായകനായി ഒതുക്കപ്പെട്ടത്. ഒരു ഇടവേളക്ക് ശേഷമാണ് നായകവേഷം ചെയ്യാനുള്ള ഓഫര്‍ മുകേഷിനെ തേടിയെത്തുന്നത്.
ക്രോണിക് ബാച്ചിലര്‍, സേതുരാമയ്യര്‍ സിബിഐ എന്നീ ചിത്രങ്ങളില്‍ ഉപനായകനായി പ്രത്യക്ഷപ്പെട്ട മുകേഷിന് ഇപ്പോള്‍ അഭിനയിക്കുന്ന വിസ്മയത്തുമ്പത്ത് എന്ന ഫാസില്‍ ചിത്രത്തിലും ഉപനായകവേഷമാണ്. റീലീസ് ചെയ്യാനിരിക്കുന്ന സൗമ്യത്തിലും ഉപനായകവേഷം തന്നെ. ഉടന്‍ ചെയ്യാനിരിക്കുന്ന ജയറാം ചിത്രം ഉദയനാണ് താരം, രഞ്ജിത്തിന്റെ ഹലോ എന്നീ ചിത്രങ്ങളിലും മുകേഷ് ഉപനായകവേഷത്തിലാണ് അഭിനയിക്കുന്നത്.
ബലൂണ്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മുകേഷിന് അഭിനയജീവിതത്തില്‍ വലിയ താഴ്ചകളില്ലാതെ സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. ശരാശരി വിജയം കൊയ്യുന്ന മുകേഷ് ചിത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇടക്കാലത്ത് മുകേഷ് ഉപനായകവേഷത്തില്‍ ഒതുക്കപ്പെട്ടു. വേണുഗോപന്റെ ചിത്രത്തിലൂടെ നായകപദവി തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് മുകേഷ്.


Click it and Unblock the Notifications