അമ്മ ഒത്തുതീര്‍പ്പിന് തയ്യാറായേക്കും
കൊച്ചി: നിര്‍മാതാക്കളുമായി കരാര്‍ ഒപ്പിടുക എന്ന നിര്‍ദേശം അംഗീകരിച്ച് അമ്മയിലെ അംഗങ്ങള്‍ ഒരു ഒത്തുതീര്‍പ്പിന് തയ്യാറായേക്കും.
സിനിമാരംഗത്തെ പ്രതിസന്ധി അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് അമ്മ ഒത്തുതീര്‍പ്പിന് ഒരുക്കം കൂട്ടുന്നത്. സംവിധായകരായ സിദ്ദിക്ക്, കമല്‍, സിബി മലയില്‍, വിനയന്‍ എന്നിവര്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകളിലൂടെയാണ് ഒത്തുതീര്‍പ്പ് സാധ്യത തെളിഞ്ഞത്.
ഫിലിം ചേംബറിന്റെ മിക്ക വ്യവസ്ഥകളും അംഗീകരിക്കാന്‍ അമ്മ തയ്യാറായേക്കും. ഫിലിം ചേംബറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് അമ്മ വ്യക്തമാക്കിയതിനെ തുടര്‍ന്ന് സിനിമാനിര്‍മാണ മേഖല ഇപ്പോള്‍ സ്തംഭിച്ചിരിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ അത് തങ്ങള്‍ക്ക് പ്രതികൂലഫലം ചെയ്യുമെന്ന ആശങ്ക അമ്മയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കുമുണ്ട്. അതുകൊണ്ടാണ് ഒത്തുതീര്‍പ്പിന് അമ്മ ഒരുങ്ങുന്നത്.
ചില മാറ്റങ്ങള്‍ക്ക് വിധേയമായി ഫിലിം ചേംബറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഒരുക്കമാണെന്ന് അമ്മ ജോയിന്റ് സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഇതിന് ജനറല്‍ സെക്രട്ടറി മോഹന്‍ലാലിന്റെ അംഗീകാരം കൂടി വേണ്ടതുണ്ടെന്ന് ബാബു വ്യക്തമാക്കി.
ചില വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ ഫിലിം ചേബറും തയ്യാറായിട്ടുണ്ട്. ഒരു സിനിമയ്ക്ക് കരാറൊപ്പിട്ടാല്‍ അടുത്ത 12 മാസത്തേക്ക് താരനിശകളിലൊന്നും പങ്കെടുക്കരുതെന്നാണ് ഒരു വ്യവസ്ഥ. ഈ വ്യവസ്ഥ മാറ്റി ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാത്ത താരനിശകളില്‍ പങ്കെടുക്കാമെന്നാക്കിയേക്കും. ഒരു ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ക്ക് ഡബിംഗ് ചെയ്യേണ്ടതില്ലെങ്കില്‍ ഷൂട്ടിംഗ് അവസാനിപ്പിക്കുമ്പോള്‍ തന്നെ തുക പൂര്‍ണമായും നല്‍കാമെന്ന് ഫിലിം ചേംബര്‍ സമ്മതിക്കാനും തയ്യാറായിട്ടുണ്ട്.


Click it and Unblock the Notifications