ആടാനും പാടാനും ഭാവന
ആടാനും പാടാനും ഭാവന
ഏപ്രില്‍ 16, 2004
ദിലീപ് ചിത്രമായ റണ്‍വെയിലെ നായിക കാവ്യാ മാധവനാണെങ്കിലും ചിത്രത്തില്‍ മറ്റൊരു നായിക കൂടി പ്രത്യക്ഷപ്പെടുന്നുണ്ട്- ഭാവന. വിഷുവിനെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഒടുവില്‍ റിലീസിംഗ് ഒരാഴ്ച നീട്ടിവച്ച ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഒരു ഗാനരംഗത്തിലാണ് ഭാവന പ്രത്യക്ഷപ്പെടുന്നത്.
ഗാനരംഗങ്ങളില്‍ ഭാവനയ്ക്ക് കസറുന്നുവെന്നത് കണക്കിലെടുത്താണ് റണ്‍വെയില്‍ ഒരു ഗാനരംഗം ഭാവനയ്ക്കായി ഒരുക്കിയത്. സിഐഡി മൂസ എന്ന ചിത്രത്തിലാണ് ഭാവന ദിലീപിന്റെ നായികയായി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ ഗാനരംഗങ്ങളിലും സ്വപ്നക്കൂടിലെ ഗാനരംഗങ്ങളിലും ഭാവന മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ദിലീപിന്റെ ചിത്രത്തില്‍ മുന്‍നിര നായിക ഗാനരംഗത്ത് മാത്രമായി പ്രത്യക്ഷപ്പെടുന്നത് ആദ്യമായല്ല. ദിലീപ് ഇരട്ടവേഷത്തില്‍ അഭിനയിച്ച കുഞ്ഞിക്കൂനനില്‍ ഒരു ഗാനരംഗത്തില്‍ മാത്രമായി നിത്യാദാസ് പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ പറക്കുംതളിക എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായാണ് നിത്യാദാസ് അരങ്ങേറ്റം കുറിച്ചത്.
ജോഷി ചിത്രമാണ് റണ്‍വെയെങ്കിലും ചിത്രത്തിലെ ഭാവന അഭിനയിച്ച പൊള്ളാച്ചിയിലെ ഗാനരംഗം സംവിധാനം ചെയ്തത് ലാല്‍ജോസാണ്. റണ്‍വെയിലെ രണ്ട് ഗാനരംഗങ്ങള്‍ തായ്ലാന്റിലാണ് ചിത്രീകരിച്ചത്. സ്വപ്നക്കൂടിലെ ഗാനരംഗങ്ങളാണ് ഇതിന് മുമ്പ് വിദേശത്ത് ചിത്രീകരിച്ചത്.


Click it and Unblock the Notifications