സൗന്ദര്യ: മലയാളത്തിനും പ്രിയങ്കരി

By Super

വിമാന അപകടത്തില്‍ മരിച്ച തെന്നിന്ത്യന്‍ നടി സൗന്ദര്യ മലയാള സിനിമാ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായിരുന്നു. രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പേരിനെ അര്‍ഥവത്താക്കുന്ന സൗന്ദര്യവും നിറഞ്ഞ അഭിനയശേഷിയും ഈ നടിയെ മലയാളത്തിനും പ്രിയങ്കരിയാക്കി.

മലയാളത്തില്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടന്‍ മാമ്പഴം എന്നീ ചിത്രങ്ങളിലാണ് സൗന്ദര്യ അഭിനയിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി അഭിനയിച്ചാണ് സൗന്ദര്യ ഭാഷയുടെ അതിര്‍ത്തികടന്ന് മലയാളത്തിലെത്തിയത്.

പക്വമതിയും നാഗരികയുമായ ഒരു സോഫ്റ്റ്വേര്‍ എഞ്ചിനീയറുടെ വേഷത്തിലാണ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ സൗന്ദര്യ അഭിനയിച്ചത്. ചിത്രത്തിലെ ശക്തമായ സ്ത്രീകഥാപാത്രത്തിന്റെ വ്യത്യസ്തതയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ മലയാളത്തിലെ നടിമാരിലാരും പോരെന്ന തോന്നലിനെ തുടര്‍ന്നാണ് സൗന്ദര്യയെ ആ കഥാപാത്രമായി സങ്കല്പിക്കാന്‍ സത്യന്‍ മുതിര്‍ന്നത്. അങ്ങനെ സൗന്ദര്യയുടെ മലയാളത്തിലെ അരങ്ങേറ്റത്തിന് വഴിയൊരുങ്ങി.

ചെന്നൈയില്‍ താമസസൗകര്യം കിട്ടുന്നുതിനുള്ള ബുദ്ധിമുട്ട് മൂലം എഞ്ചിനീയറായ ഒരു പുരുഷനോടൊപ്പം ഫ്ലാറ്റ് പങ്കിടാന്‍ നിര്‍ബന്ധിതയായ യുവതിയായാണ് സൗന്ദര്യ ഈ ചിത്രത്തില്‍ അഭിനയിച്ചത്. ആധുനികമായ കാഴ്ചപ്പാടുകളുള്ള സ്ത്രീകഥാപാത്രത്തിന്റെ വ്യത്യസ്തസ്വഭാവം സൗന്ദര്യയില്‍ ഭദ്രമായി. ആദ്യമലയാളചിത്രത്തോടെ സൗന്ദര്യ മലയാള പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാവുകയും ചെയ്തു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍മാമ്പഴത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു സൗന്ദര്യയുടെ മലയാളത്തിലെ അടുത്ത ഊഴം. ആദ്യമലയാളചിത്രത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രത്തെയാണ് രണ്ടാമത്തെ ചിത്രത്തില്‍ സൗന്ദര്യ അവതരിപ്പിച്ചത്. യാഥാസ്ഥിതികമായ സാഹചര്യങ്ങളില്‍ വളര്‍ന്ന നാണംകുണുങ്ങിയായ മലബാര്‍ മുസ്ലിം പെണ്‍കുട്ടിയുടെ വേഷവും സൗന്ദര്യ ചാരുതയോടെ അവതരിപ്പിച്ചു.

ബാംഗ്ലൂര്‍ സ്വദേശിയായ സൗന്ദര്യ കന്നഡയില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം തമിഴിലെയും തെലുങ്കിലെയും ഒന്നാം നിര നടിയായി ഉയര്‍ന്നത് വൈകാതെയാണ്. തെന്നിന്ത്യയിലെ മെഗാതാരങ്ങളായ രജനീകാന്തിന്റെയും ചിരഞ്ജീവിയുടെയും നായികയായി അഭിനയിച്ചിട്ടുള്ള സൗന്ദര്യ, സൂര്യവംശ് എന്ന ഹിന്ദിചിത്രത്തില്‍ അമിതാഭ് ബച്ചനോടൊപ്പവും അഭിനയിച്ചിട്ടുണ്ട്.

കമല്‍ സംവിധാനം ചെയ്യാനിരുന്ന മുന്തിരിപ്പൂക്കളുടെ അതിഥി എന്ന ചിത്രത്തിലൂടെ മൂന്നാംവട്ടവും മലയാളത്തിലെത്താനിരുന്നതാണ് സൗന്ദര്യ. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെയായിരുന്നു സൗന്ദര്യയ്ക്ക് അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ ബിജെപിയില്‍ ചേരാനും തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനും തീരുമാനിച്ചതിനെ തുടര്‍ന്ന് സൗന്ദര്യ കമല്‍ ചിത്രത്തില്‍ നിന്ന് പിന്മാറി. തന്റെ കഥാപാത്രത്തിന് ഇണങ്ങുന്ന എല്ലാ കഴിവുകളും ഒത്തിണങ്ങിയ നടിയാണ് സൗന്ദര്യയെന്നും അതിന് പകരം വയ്ക്കാന്‍ മറ്റൊരു നടിയില്ലെന്നതിനാലാണ് താന്‍ സിനിമ ഉപേക്ഷിയ്ക്കുന്നതെന്നും കമല്‍ പിന്നീട് അറിയിച്ചു.

മോഹന്‍ലാലിന്റെ നായികയായി മറ്റൊരു മലയാള ചിത്രത്തില്‍ കൂടി സൗന്ദര്യ അഭിനയിക്കാനിരുന്നതാണ്. ഡോ. എസ്. ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന ഹരിശ്രീ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് സൗന്ദര്യയ്ക്കായി നീക്കിവച്ചിരുന്നത്.

സിനിമയിലെ തിരക്കുകള്‍ ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമാവാന്‍ സൗന്ദര്യ തീരുമാനിച്ചത്. ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി നേരിട്ടാണ് സൗന്ദര്യയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത്. ഒപ്പം ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും സൗന്ദര്യയുടെ വരവ് ഏറെ ഗുണം ചെയ്യുമെന്ന് കരുതി. പക്ഷേ ഒരു ദുരന്തത്തിലേക്കുള്ള കാല്‍വയ്പാണതെന്ന് തന്റെ ജീവിതത്തിലെ നിര്‍ണായകമായ തീരുമാനമെടുക്കുമ്പോള്‍ സൗന്ദര്യ അറിഞ്ഞിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X