പരദേശിയായി മമ്മൂട്ടി
പരദേശിയായി മമ്മൂട്ടി
ഏപ്രില്‍ 18, 2005
പി. ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പരദേശി എന്നാണ് ചിത്രത്തിന്റെ പേര്.
ഏറെ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയിലും പാകിസ്ഥാനിലും ഒരു പോലെ പൗരത്വം നിഷേധിക്കപ്പെട്ട, ഇരുരാജ്യത്തും പരദേശിയായി മുദ്രകുത്തപ്പെടുന്ന ഒരാളായാണ് മമ്മൂട്ടി വേഷമിടുന്നത്. ഇന്ത്യ-പാക് വിഭജന കാലഘട്ടത്തില്‍ ഏറെ യാതനകള്‍ സഹിക്കേണ്ടിവന്നയാള്‍ കൂടിയാണ് ഈ മനുഷ്യന്‍. ഇരുരാജ്യത്തും പൗരത്വം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ അയാള്‍ നേരിടേണ്ടിവരുന്ന പീഡനങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
പി. ടി. കുഞ്ഞുമുഹമ്മദിന്റെ ചിത്രത്തില്‍ ആദ്യമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഡാനിക്കു ശേഷം സമാന്തര സിനിമാ വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നില്ല. മമ്മൂട്ടിയുടെ അഭിനയശേഷി ചൂഷണം ചെയ്യാന്‍ ഏറെ സാധ്യതകളുള്ള കഥാപാത്രമാണ് പരദേശിയിലേത്.
മഗ്രിബ്, ഗര്‍ഷോം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പി. ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പരദേശി. മഗ്രിബിലും ഗര്‍ഷോമിലും മുരളിയായിരുന്നു നായകനായി അഭിനയിച്ചത്.
കുശ്ബുവും കാവ്യാമാധവനും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ചന്ദ്രോത്സവത്തിലൂടെ ഒരു ഇടവേളക്കു ശേഷം മലയാളത്തില്‍ തിരിച്ചെത്തിയ കുശ്ബു ശക്തമായ ഒരു കഥാപാത്രത്തെയാണ് പരദേശിയില്‍ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications