twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിരിച്ചുവരവിനായി പാണ്ടിപ്പട

    By Staff
    |

    തിരിച്ചുവരവിനായി പാണ്ടിപ്പട
    ഏപ്രില്‍ 19, 2005

    പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങള്‍ക്ക് ദിലീപിന്റെ കരിയറില്‍ സവിശേഷ സ്ഥാനമുണ്ട്. രണ്ടാംനിര നായകനെന്ന നിലയില്‍ നിന്ന് ഒന്നാം നിരയിലേക്കുള്ള ദിലീപിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായിച്ച ചിത്രങ്ങളാണ് ഇവ രണ്ടും. രണ്ട് ചിത്രങ്ങളും നേടിയ വന്‍വിജയം ദിലീപിന്റെ ജനപ്രിയത കുറച്ചൊന്നുമല്ല വര്‍ധിപ്പിച്ചത്.

    പഞ്ചാബി ഹൗസും തെങ്കാശിപ്പട്ടണവും സംവിധാനം ചെയ്ത റാഫി മെക്കാര്‍ട്ടിന്‍ തങ്ങളുടെ അടുത്ത ചിത്രവും ദിലീപിനെ നായകനാക്കി ഒരുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില കാരണങ്ങളാല്‍ ദിലീപ് ആ ചിത്രത്തില്‍ അഭിനയിച്ചില്ല. ദിലീപിന് പകരം ജയസൂര്യയെ നായകനാക്കി ചതിക്കാത്ത ചന്തു എന്ന പേരിലൊരുക്കിയ ചിത്രത്തിന് പഞ്ചാബി ഹൗസും തെങ്കാശിപ്പട്ടണവും നേടിയതുപോലുള്ള വിജയം സൃഷ്ടിക്കാനായില്ല.

    ചതിക്കാത്ത ചന്തുവില്‍ റാഫി മെക്കാര്‍ട്ടിന് മെഗാവിജയം ആവര്‍ത്തിക്കാന്‍ കഴിയാതെ പോയപ്പോള്‍ റാഫി മെക്കാര്‍ട്ടിന്റെ ചിത്രത്തില്‍ അഭിനയിക്കാതെ ചില സൂപ്പര്‍സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ച ദിലീപ് പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നതാണ് കണ്ടത്. പരസ്പരം പിരിഞ്ഞത് റാഫി മെക്കാര്‍ട്ടിനും ദിലീപിനും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. ഏതായാലും ആ ദോഷം തീര്‍ക്കാനും വീണ്ടുമൊരു തിരിച്ചുവരവ് നടത്താനും റാഫി മെക്കാര്‍ട്ടിനും ദിലീപും വീണ്ടും ഒന്നിക്കുകയാണ്- പാണ്ടിപ്പടയിലൂടെ.

    ഭുവനചന്ദ്രന്റെയും ഭാസിയുടെയും കഥ പറയുന്ന പാണ്ടിപ്പട ഒരു റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാ കോമഡി ചേരുവകളോടെയുമാണ് ഒരുക്കുന്നത്. ഭുവനചന്ദ്രന്റെയും ഭാസിയുടെയും കഥക്ക് പല മുന്‍കാല ചിത്രങ്ങളുടെയും കഥകളുമായി സാമ്യം തോന്നാമെങ്കിലും തങ്ങളുടേതായ ശൈലിയില്‍ രണ്ട് തൊഴില്‍രഹിതരുടെ കഥ പുന:സൃഷ്ടിക്കുകയാണ് റാഫി മെക്കാര്‍ട്ടിന്‍.

    സ്ഥലം വില്പന, വിവാഹ ബ്യൂറോ തുടങ്ങിയ പല ജോലികളും ചെയ്ത് ഒടുവില്‍ കടം കയറി നാട്ടില്‍ നില്‍ക്കാനാവാത്ത സ്ഥിതി നേരിടുന്ന ചെറുപ്പക്കാരാണ് ഭുവനചന്ദ്രനും ഭാസിയും. കടക്കാരെ പേടിച്ച് ഇരുവരും തമിഴ്നാട്ടിലേക്ക് മുങ്ങി. ഒരു യുദ്ധപ്പട തന്നെ നടത്തുന്ന പാണ്ടിദുരൈയുടെ നാട്ടിലാണ് അവരെത്തിയത്. വെല്ലുവിളികളും പോരാട്ടങ്ങളുമായി സംഭവബഹുലമായി ദിനങ്ങളിലൂടെ കടന്നുപോവുന്ന നാട്. അവിടെ നിലയുറപ്പിക്കാനായി ഇരുവര്‍ക്കും പാണ്ടിപ്പടയില്‍ അംഗങ്ങളാകേണ്ടിവന്നു.

    ഭുവനചന്ദ്രനെ ദിലീപ് അവതരിപ്പിക്കുമ്പോള്‍ ഭാസിയാകുന്നത് ഹരിശ്രീ അശോകനാണ്. നവ്യാനായരാണ് ചിത്രത്തിലെ നായിക. തമിഴ്നടന്‍ പ്രകാശ്രാജ് ചിത്രത്തില്‍ വില്ലനായി വേഷമിടുന്നുണ്ട്. കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, രാജന്‍ പി. ദേവ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രീകരണം ഉഡുമല്‍പേട്ടില്‍ നടന്നുവരികയാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X