മഞ്ഞുപോലൊരു പെണ്‍കുട്ടി
മഞ്ഞുപോലൊരു പെണ്‍കുട്ടി
ഏപ്രില്‍ 20, 2004
പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഹയര്‍ സെക്കന്ററി യുവജനോത്സവത്തിലെ കലാപ്രതിഭ തിരുവനന്തപുരം സ്വദേശിയായ ജയകൃഷ്ണനാണ് ചിത്രത്തിലെ പുതുമുഖ നായകന്‍. മുംബൈ സ്വദേശി ടിവി താരവും മോഡലുമായ അമൃതാ പ്രകാശ് നായികയാവുന്നു.
പ്ലസ് വണ്ണിന് പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. നിറം, നമ്മള്‍ എന്നീ ചിത്രങ്ങളില്‍ കാമ്പസ് ജീവിതം പകര്‍ത്തിയ കമല്‍ ആദ്യമായി സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രണയത്തിന്റെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.
ഇതിന് മുമ്പ് നമ്മള്‍ എന്ന ചിത്രത്തിലാണ് കമല്‍ പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കിയത്. കാമ്പസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ഈ ചിത്രം ഹിറ്റായിരുന്നു.
കലവൂര്‍ രവികുമാറാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നമ്മള്‍ക്ക് ശേഷം കമല്‍-കലവൂര്‍ രവികുമാര്‍ ടീം വീണ്ടും ഒന്നിക്കുകയാണ് മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ.
ഒരു ഇടവേളയ്ക്ക് ശേഷം ഭാനുപ്രിയ അഭിനയിക്കുന്ന മലയാളചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ലാലു അലക്സ്, സുരേഷ്കൃഷ്ണ, വിജീഷ്, പൂര്‍ണിമ, മീരാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി താരസംഘടനയായ അമ്മയുടെ തീരുമാനം ലംഘിച്ച് ഫിലിം ചേംബര്‍ രൂപം നല്‍കിയ കരാറില്‍ ഒപ്പുവയ്ക്കാന്‍ തയ്യാറാണെന്ന് ലാലു അലക്സും സുരേഷ് കൃഷ്ണയും അറിയിച്ചിരുന്നു.
ഡ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹൗളി പോട്ടൂരാണ് ചിത്രം നിര്‍മിക്കുന്നത്. സിയാദ് കോക്കര്‍ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.


Click it and Unblock the Notifications