എംടി വീണ്ടും തിരക്കഥയെഴുതുന്നു
എംടി വീണ്ടും തിരക്കഥയെഴുതുന്നു
ഏപ്രില്‍ 20, 2004
വ്യത്യസ്തമായ മനുഷ്യാവസ്ഥകളെ സാധാരണ സിനിമാ പ്രേക്ഷകന് അനുഭവിക്കാനാവുംവിധം തിരക്കഥകളിലേക്ക് ആവാഹിച്ച എഴുത്തുകാരനാണ് എം. ടി. വാസുദേവന്‍നായര്‍. വടക്കന്‍ വീരഗാഥയും നഖക്ഷതങ്ങളും പെരുന്തച്ചനും താഴ്വാരവും സദയവും പോലുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകന്റെ മനസില്‍ തൊട്ട എംടി കുറച്ചുകാലമായി സിനിമയില്‍ അത്ര സജീവമല്ല. ഒരു ഇടവേളക്ക് ശേഷം എംടി ഒരു പുതിയ ചിത്രത്തിനായി തിരക്കഥ രചിക്കുന്നു.
കണ്ണന്‍ സംവിധാനം ചെയ്ത തീര്‍ഥാടനത്തിന് ശേഷമാണ് എം. ടി. വാസുദേവന്‍ നായര്‍ സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത്. ബാബു പിഷാരടിയാണ് എം. ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ചിത്രം സംവിധാനം ചെയ്യുന്നത്.
അനില്‍ബാബുമാരിലെ ബാബുവാണ് ബാബു പിഷാരടി എന്ന പേരില്‍ സ്വതന്ത്രസംവിധായകനാവുന്നത്. ഇരട്ടസംവിധായകരിലെ അനില്‍ പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കി വയലറ്റ് എന്ന ചിത്രം ഒരുക്കുന്നതിനുള്ള ജോലിയിലാണ്.
എംടി യുടെ തിരക്കഥ പൂര്‍ത്തിയായതിന് ശേഷമേ ചിത്രത്തിന്റെ താരനിര്‍ണയം നടത്തുകയുള്ളൂ. ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.


Click it and Unblock the Notifications