മൂന്ന് നായികമാരുടെ ചൊല്ലിയാട്ടം
മൂന്ന് നായികമാരുടെ ചൊല്ലിയാട്ടം
ഏപ്രില്‍ 21, 2004
മൂന്ന് നായികമാരില്‍ ഒരാള്‍ മലയാളി. മറ്റൊരാള്‍ ഫ്രഞ്ചുകാരി. മൂന്നാമത്തെ നായിക ബോളിവുഡ് താരം. കണ്ണന്‍ പെരുമുടിയൂര്‍ സംവിധാനം ചെയ്യുന്ന ചൊല്ലിയാട്ടം എന്ന ചിത്രത്തിനാണ് ഈ സവിശേഷത.
നിത്യാദാസാണ് ചൊല്ലിയാട്ടത്തില്‍ നായികയാവുന്ന മലയാളി നടി. ഫ്രഞ്ച് താരമായ എലീസാ ഡിയോറും ബോളിവുഡ് താരവും മോഡലുമായ മഹി വിജുമാണ് മറ്റ് നായികമാര്‍.
അപൂര്‍വമായ പ്രണയകഥ പറയുന്ന ചിത്രത്തിലെ നായകന്‍ അരവിന്ദാണ്. ചിത്രത്തിന്റെ കേരളത്തിലെ ഷൂട്ടിംഗ് കുന്ദംകുളം, ഗുരുവായൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി.
കേരളത്തോടുള്ള അഭിനിവേശം മനസില്‍ സൂക്ഷിക്കുന്ന ഫ്രഞ്ചുകാരിയായാണ് എലീസ ഡിയോര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ബോളിവുഡ് താരം മഹി വിജിന് ഇത് രണ്ടാമത്തെ മലയാള ചിത്രമാണ്. മമ്മൂട്ടി നായകനായ സഞ്ജീവ് ശിവന്റെ അപരിചിതന്‍ എന്ന ചിത്രത്തിലും മഹി വിജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കേരളത്തിലും പാരീസിലുമായാണ് ചൊല്ലിയാട്ടം ചിത്രീകരിക്കുന്നത്. ഫ്രഞ്ച് സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.
തിരക്കഥ രചിച്ചിരിക്കുന്നത് ശത്രുഘ്നനാണ്. ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണന്‍. ബോബി എസ്. മാത്യു, സുധീര്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ചൊല്ലിയാട്ടം കേരളത്തിനൊപ്പം ഫ്രാന്‍സിലെയും സീഷെല്‍സിലെയും 30 കേന്ദ്രങ്ങളിലും റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ബോബി എസ്. മാത്യു, സുധി ബാബു എന്നിവര്‍ പറഞ്ഞു.


Click it and Unblock the Notifications