പിന്നെയും പിന്നെയും പുതുമുഖ നായികമാര്‍
പിന്നെയും പിന്നെയും പുതുമുഖ നായികമാര്‍
ഏപ്രില്‍ 22, 2002
മലയാളത്തില്‍ ഓരോ വര്‍ഷം കഴിയുന്തോറും ചിത്രങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും പുതുമുഖ നായികമാര്‍ പിന്നെയും പിന്നെയും ഭാഗ്യം പരീക്ഷിക്കാന്‍ എത്തികൊണ്ടിരിക്കുന്നു. നായികാ ദാരിദ്യ്രമെന്ന് മുറവിളി ഉയരുമ്പോഴും മലയാളത്തില്‍ പുതുമുഖ നായികമാര്‍ അരങ്ങേറുന്നത് കുറയുന്നില്ല. സംവിധായകരില്‍ മിക്കവരും പുതുമുഖ നായികമാരെ പരീക്ഷിക്കാനാണ് താത്പര്യപ്പെടുന്നത്.
നവ്യാ നായരും നിത്യാ ദാസും മീരാ ജാസ്മിനും പുതുമുഖ നായികകള്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെയാണ് സുജാ കാര്‍ത്തികയും ഉമാശങ്കരിയും വിഷ്ണുപ്രിയയും മലയാളത്തില്‍ ഭാഗ്യപരീക്ഷണത്തിനെത്തിയത്. അവര്‍ക്ക് പിന്നാലെയിതാ നാല് പുതുമുഖ നായികമാര്‍ കൂടിയെത്തുന്നു- ഫാസില്‍ പരിചയപ്പെടുത്തുന്ന നികിത, കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്ന രേണുകാ മേനോന്‍, രാജസേനന്റെ ചിത്രത്തിലൂടെയെത്തുന്ന അഞ്ജലി കൃഷ്ണ, ടി. എസ്. സജി പരിചയപ്പെടുത്തുന്ന ദീപ്തി പ്രസാദ്.
ഫാസിലിന്റെ മകന്‍ ഷാനു നായകനാകുന്ന ചിത്രത്തിലാണ് നികിത എന്ന പുതുമുഖ നായികയെ ഫാസില്‍ പരിചയപ്പെടുത്തുന്നത്. മുംബൈയിലെ മോഡലാണ് നികിത. കുറച്ചു നാളായി പുതുമുഖ നായികയെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന ഫാസില്‍ ആ മുഖം നികിതയില്‍ കണ്ടെത്തുകയായിരുന്നു.
ഷാനു എന്ന പേര് സ്വീകരിച്ചാണ് ഫാസിലിന്റെ മകന്‍ ഫഹദ് സിനിമയില്‍ അരങ്ങേറുന്നത്. കൈയെത്തും ദൂരത്ത് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മമ്മൂട്ടി അതിഥി താരമായെത്തുന്ന ചിത്രത്തില്‍ രാജന്‍ പി. ദേവ്, ജനാര്‍ദനന്‍, കെ. പി. എ. സി. ലളിത, രേവതി, കൊച്ചിന്‍ ഹനീഫ, സുധീഷ്, യദുകൃഷ്ണന്‍ എന്നിവരും അഭിനയിക്കുന്നു.
ഷിബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് രേണുകാ മേനോന്‍ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന മായാമോഹിതചന്ദ്രന്‍ എന്ന ചിത്രത്തില്‍ മായ എന്ന കഥാപാത്രത്തെയാണ് രേണുക അവതരിപ്പിക്കുന്നത്.
രാജസേനന്റെ പുതിയ ചിത്രമായ നക്ഷത്രക്കണ്ണുള്ളരാജകുമാരന്‍, അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തില്‍ അഞ്ജലി കൃഷ്ണ എന്ന പുതുമുഖം നായികയാവുന്നു. 2002-ലെ ഹയര്‍ സെക്കന്റി സ്കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായിരുന്നു അഞ്ജലി കൃഷ്ണ. പൃഥ്വിരാജാണ് ഈ ചിത്രത്തിലെ നായകന്‍. തമിഴ് നടി ഗായത്രി ജയറാം മറ്റൊരു നായികയാവുന്ന ചിത്രത്തില്‍ റസിയാ ബീഗം എന്ന കഥാപാത്രത്തെയാണ് അഞ്ജലി കൃഷ്ണ അവതരിപ്പിക്കുന്നത്.
സൂര്യാ ടിവിയിലെ കോമഡിടൈം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ടിവി അവതാരകന്‍ ജയചന്ദ്രന്‍ സിനിമാ പ്രവേശനം നടത്തുന്ന ടി. എസ്. സജിയുടെ ചിരിക്കുടുക്കയില്‍ നായികയും പുതുമുഖം തന്നെ. നര്‍ത്തകി കൂടിയായ ദീപ്തി പ്രസാദാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications