ചേംബറിന് താരപിന്തുണ കൂടുന്നു
കൊച്ചി: ഒരു ഭാഗത്ത് ദുബായിലെ താരനിശയ്ക്ക് പോകാന്‍ താരങ്ങള്‍ തയ്യാറെടുക്കുമ്പോള്‍ മറുഭാഗത്ത് ഫിലിം ചേംബറിന് താരപിന്തുണ കൂടുന്നു. ലാലു അലക്സ്, സുരേഷ് കൃഷ്ണ, തിലകന്‍ എന്നിവര്‍ നേരത്തെ ഫിലിം ചേംബറിന്റെ വ്യവസ്ഥകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടി കവിയൂര്‍ രേണുക ചേംബറിന്റെ കരാറില്‍ ഒപ്പുവയ്ക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതാദ്യമായാണ് ഒരു നടി ചേംബറിന്റെ കരാറില്‍ ഒപ്പുവയ്ക്കുന്നത്. അമ്മയോട് തനിയ്ക്ക് വെറുപ്പില്ലെന്നും അമ്മ പിടിവാശിയായി മുന്നോട്ട് പോയാല്‍ കുടുംബം പട്ടിണിയിലാകുമെന്നും കവിയൂര്‍ രേണുക പറഞ്ഞു.
കെ.എസ്. നൗഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കവിയൂര്‍ രേണുക അഭിനയിക്കും. തന്റെ പുതിയ ചിത്രത്തില്‍ ചേംബറിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ച് അഭിനയിക്കാന്‍ തയ്യാറായി പൃഥ്വിരാജും സലിംകുമാറും സാദിഖും മുന്നോട്ട് വന്നിട്ടുണ്ടെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. നേരത്തെ അമ്മയ്ക്കൊപ്പം നിന്ന ജയസൂര്യയും തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും വിനയന്‍ പറഞ്ഞു. അതേ സമയം താന്‍ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത് സംബന്ധിച്ച് ഒന്നും വെളിപ്പെടുത്താറായിട്ടില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. മെയ് മാസത്തിലാണ് ഷൂട്ടിംഗ് തുടങ്ങുക. അപ്പോഴേയ്ക്കും പ്രശ്നങ്ങള്‍ പരിഹരിയ്ക്കപ്പെടുമെന്ന വിശ്വാസത്തിലാണ് താന്‍ സമ്മതിച്ചിട്ടുള്ളതെന്ന് നടന്‍ സലിംകുമാര്‍ പറഞ്ഞു.


Click it and Unblock the Notifications