തൊമ്മനും മക്കളും വീണ്ടും വരുന്നു
തൊമ്മനും മക്കളും വീണ്ടും വരുന്നു
ഏപ്രില്‍ 24, 2005
ഒടുക്കം വരെ വിരസതയില്ലാതെ കണ്ടിരിക്കാവുന്ന ചിത്രമെന്ന പേരോടെ സൂപ്പര്‍ഹിറ്റായ തൊമ്മനും മക്കളും എന്ന ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുന്നു. ചിത്രം നേടിയ വന്‍വിജയമാണ് രണ്ടാം ഭാഗമൊരുക്കാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചിരിക്കുന്നത്.
മമ്മൂട്ടി, ലാല്‍, രാജന്‍ പി. ദേവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തൊമ്മനും മക്കളും തമാശയും നൃത്തവും സംഘട്ടനവുമൊക്കെ ചേരുവയായുള്ള മസാലചിത്രമെന്ന നിലയിലാണ് വന്‍വിജയം നേടിയത്. ഈ ചിത്രം കൂടി വിജയമായതോടെ തുടര്‍ച്ചയായ നാല് ഹിറ്റുകളില്‍ നായകനായതിന്റെ താരപ്പൊലിമയിലാണ് മമ്മൂട്ടി. ഒരു പിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളില്‍ ഒരാളായ ലാല്‍ ക്രിയേഷന്‍സിന്റെ തൊപ്പിയില്‍ മറ്റൊരു തൂവലാണ് തൊമ്മനും മക്കളും.
ആദ്യഭാഗത്തിന്റെ വന്‍വിജയമാണ് രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കാന്‍ പ്രേരണയായതെന്ന് ലാല്‍ പറഞ്ഞു. മമ്മൂട്ടിയുമായി ആലോചിച്ച് അടുത്ത വര്‍ഷം രണ്ടാം ഭാഗമൊരുക്കാനാണ് ധാരണയായിട്ടുള്ളതെന്നും ലാല്‍ വ്യക്തമാക്കി.
തൊമ്മനിലെ കഥാപാത്രങ്ങള്‍ക്കൊന്നും കൃത്യമായ വേരുകളില്ലെന്നും അപ്പൂപ്പന്‍താടി പോലെ പറന്നുനടക്കുന്ന ആ കഥാപാത്രങ്ങള്‍ എവിടെയത്തിച്ചേരുന്നോ അവിടെ പുതിയൊരു കഥ ജനിക്കുമെന്നും ലാല്‍ പറഞ്ഞു.
തൊമ്മനും മക്കളും സംവിധാനം ചെയ്ത ഷാഫി തന്നെയായിരിക്കും പുതിയ ചിത്രവും ഒരുക്കുന്നത്. രണ്ടാം ഭാഗത്തിന്റെ തിരക്കഥാകൃത്തും ബെന്നി പി. നായരമ്പലമായിരിക്കും.


Click it and Unblock the Notifications