twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മത്സരിച്ചത് മുരളിയും ജയറാമും

    By Staff
    |

    മത്സരിച്ചത് മുരളിയും ജയറാമും
    ഏപ്രില്‍ 25, 2002

    അവാര്‍ഡ് നിര്‍ണയത്തില്‍ പലപ്പോഴും ഉണ്ടാവാറുള്ളതുപോലെ ഇത്തവണയും മികച്ച നടനെ തിരഞ്ഞെടുക്കുന്നതിന്റെ അവസാന ഘട്ടം വരെ രണ്ട് നടന്മാര്‍ മത്സരത്തിനുണ്ടായിരുന്നു- മുരളിയും ജയറാമും. -ഇവരില്‍ ആര്‍ക്ക് അവാര്‍ഡ് കൊടുക്കണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ജൂറി അംഗങ്ങള്‍ അവസാന ഘട്ടം വരെയും.

    നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മുരളിയ്ക്ക് ഒടുവില്‍ അവാര്‍ഡ് ലഭിച്ചതെങ്കില്‍ ശേഷം, തീര്‍ഥാടനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയറാമിനെ പരിഗണിച്ചത്. ഇവരില്‍ ആര്‍ക്ക് അവാര്‍ഡ് കൊടുക്കണമെന്ന സംശയം ജൂറിയുടെ മുന്നിലുണ്ടായി. ഒടുവില്‍ മുരളിയ്ക്ക് മികച്ച നടനുള്ള അവാര്‍ഡും ജയറാമിന് പ്രത്യേക ജൂറി പുരസ്കാരവും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

    നെയ്ത്തുകാരനില്‍ മുരളി ഒരു വൃദ്ധനെ അവതരിപ്പിച്ചപ്പോള്‍ മധ്യവയസ് കടന്ന ഒരു മനുഷ്യനായാണ് ജയറാം തീര്‍ഥാടനത്തില്‍ അഭിനയിച്ചത്. ശേഷത്തില്‍ മാനസിക വിഭ്രാന്തിയുള്ള ഒരു ചെറുപ്പക്കാരനെയാണ് ജയറാം അവതരിപ്പിച്ചത്.

    മുരളിക്ക് ഇത് നാലാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. ഇതുവരെ ലഭിക്കാത്ത അവാര്‍ഡിന്റെ വക്കത്ത് വരെ ജയറാമെത്തിയെങ്കിലും പ്രത്യേക ജൂറി പുരസ്കാരം കൊണ്ട് തൃപ്തനാവേണ്ടിവന്നു.

    മമ്മൂട്ടിയുടെ ഡാനിയിലെ അഭിനയം മികച്ചതാണെന്ന് ജൂറി വിലയിരുത്തിയെങ്കിലും ചിത്രത്തില്‍ നടനേക്കാള്‍ പങ്ക് സംവിധായകനാണെന്ന് ജൂറി ചൂണ്ടിക്കാട്ടി.

    മികച്ച നടന് അവാര്‍ഡ് നല്‍കുന്നതില്‍ ഇത്തരം മത്സരങ്ങള്‍ മുന്‍വര്‍ഷങ്ങളിലുമുണ്ടായിട്ടുണ്ട്. 1999ലെ അവാര്‍ഡ് നിര്‍ണയ വേളയില്‍ വാനപ്രസ്ഥത്തിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയെങ്കിലും -വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ അന്ധ-നെ അവതരിപ്പിച്ച കലാഭവന്‍ മണി മോഹന്‍ലാലിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മണിയ്ക്ക് പ്രത്യേക ജൂറി അവാര്‍ഡ് -ആ വര്‍ഷം ലഭിച്ചു.

    98ല്‍ മുരളിയും രജത് കപൂറും തമ്മിലുണ്ടായി ഇങ്ങനെയൊരു മത്സരം. താലോലത്തിലെ അഭിനയത്തിന് മുരളിയും അിസാക്ഷിയിലെ അഭിനയത്തിന് -രജത് കപൂറും ഒരു പോലെ ജൂറി അംഗങ്ങളുടെ പ്രശംസ നേടിയപ്പോള്‍ പ്രത്യേക ജൂറി അവാര്‍ഡ് എന്ന പേരില്‍ ഒരു നടനെ രണ്ടാമനാക്കുന്ന പതിവുണ്ടായില്ല. ഇരുവര്‍ക്കും മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു.

    വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഇതുപോലെ അവാര്‍ഡ് ഗോദയില്‍ ഏറ്റുമുട്ടിയിരുന്നു. വടക്കന്‍ വീരഗാഥ, മതിലുകള്‍ എന്നീ ചിത്രങ്ങളിലെ പ്രകടനമായിരുന്നു മമ്മൂട്ടിയെ പരിഗണനീയനാക്കിയത്. കിരീടം എന്ന ചിത്രത്തിലെ അഭിനയം മോഹന്‍ലാലിനെയും. ഒടുവില്‍ ജൂറി തീരുമാനമെടുത്തത് വിചിത്രമായ ഒരു അളവ്കോല്‍ വെച്ചായിരുന്നു- മമ്മൂട്ടിയെ പരിഗണിക്കാന്‍ രണ്ട് ചിത്രങ്ങളുണ്ട്. -മോഹന്‍ലാ-ലിന് ഒരു ചിത്രമേയുള്ളൂ. അങ്ങനെ മമ്മൂട്ടി മികച്ച നടനുള്ള അവാര്‍ഡ് നേടി. (ആ അളവ്കോല്‍ വെച്ചായിരുന്നെങ്കില്‍ ഇത്തവണ അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നത് ജയറാമിനായിരുന്നു. ജയറാമിന് രണ്ട് ചിത്രങ്ങളുണ്ടല്ലോ.)

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X