ഭാവന അമ്മയാകുന്നു
ഭാവന അമ്മയാകുന്നു
ഏപ്രില്‍ 27, 2005
ഇപ്പോഴും കുട്ടിത്തം വിട്ടിട്ടില്ലെങ്കിലും സിനിമയില്‍ ഭാവന അമ്മയായി പ്രത്യക്ഷപ്പെടുന്നു. കോളജ് വിദ്യാര്‍ഥിയായും അടിപൊളി കൗമാരപെണ്‍കുട്ടിയായും മാത്രം സിനിമയില്‍ അഭിനയിച്ചിട്ടുള്ള ഭാവന വിന്റര്‍ എന്ന ചിത്രത്തിലാണ് രണ്ട് കുട്ടികളുടെ അമ്മയായി വേഷമിടുന്നത്.
നവാഗതനായ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ജയറാം ചിത്രമാണ് വിന്റര്‍. ചിത്രത്തില്‍ ഭാവനയുടെ ഭര്‍ത്താവായാണ് ജയറാം അഭിനയിക്കുന്നത്. ദിലീപിന്റെയും കുഞ്ചാക്കോ ബോബന്റെയും ജിഷ്ണുവിന്റെയും മറ്റും നായികയായിട്ടുള്ള ഭാവന ആദ്യമായാണ് ജയറാമിനോടൊപ്പം അഭിനയിക്കുന്നത് ആദ്യമായാണ്. രണ്ട് കുട്ടികളുടെ അമ്മയായ ശ്യാമ എന്ന കഥാപാത്രമാണ് ഈ ചിത്രത്തില്‍ ഭാവനക്ക്.
മലയാളത്തിലെ മുന്‍നിര ടീനേജ് നായികമാരില്‍ കാവ്യാ മാധവനും മീരാ ജാസ്മിനും നേരത്തെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. സദാനന്ദന്റെ സമയം എന്ന ചിത്രത്തിലാണ് കാവ്യാ മാധവന്‍ അമ്മയായി വേഷമിട്ടത്. പെരുമഴക്കാലത്തില്‍ മീരാജാസ്മിനും അമ്മയായി അഭിനയിച്ചു.
വിന്ററില്‍ മനോജ് കെ. ജയന്‍, വിജയകുമാര്‍, സലിംകുമാര്‍, ടി. ജി. രവി, എം. ആര്‍. ഗോപകുമാര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും വേഷമിടുന്നുണ്ട്. ബ്ലാക്കിലൂടെ ശ്രദ്ധേയനായ അമല്‍നീരദാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം രാജകൃഷ്ണന്‍.


Click it and Unblock the Notifications