twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാക്കോച്ചന്റെ ഇമേജ് മാറുമോ?

    By Staff
    |

    ചാക്കോച്ചന്റെ ഇമേജ് മാറുമോ?
    ഏപ്രില്‍ 28, 2004

    ചില നടന്‍മാര്‍ക്ക് ഇമേജ് ഒരു ഭാരമാണ്. ഒരേ തരം വേഷങ്ങള്‍ ചെയ്ത് അത്തരം കഥാപാത്രങ്ങള്‍ മാത്രമേ അവതരിപ്പിക്കാനാവൂ എന്ന ഇമേജ് സൃഷ്ടിക്കപ്പെടുന്നതോടെ ചില നടന്‍മാര്‍ക്ക് കരിയറില്‍ വ്യത്യസ്തതകള്‍ അസാധ്യമാവുന്നു.

    കുഞ്ചാക്കോ ബോബന്‍ ഈ ഗണത്തില്‍ പെടുന്ന നടനാണ്. ആദ്യചിത്രമായ അനിയത്തിപ്രാവില്‍ കോളജ് കുമാരന്‍ വേഷം അവതരിപ്പിച്ച കുഞ്ചാക്കോ ബോബനെ പിന്നീട് അത്തരം വേഷങ്ങളാണ് കൂടുതലായും തേടിയെത്തിയത്. പ്രായം കടന്നുപോവുമ്പോഴും കോളജ് കുമാരന്‍ ഇമേജില്‍ നിന്ന് രക്ഷപ്പെടാനാവാത്തതാണ് ഒരു നടനെന്ന നിലയിലുള്ള കുഞ്ചാക്കോ ബോബന്റെപ്രതിസന്ധി.

    കോളജ് കുമാരന്റെ പരിവേഷത്തില്‍ നിന്നും മാറിനടയ്ക്കാന്‍ രണ്ടു മൂന്നു വട്ടം ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും കുഞ്ചോക്കോ ബോബന്റെ കരിയറിലെ വിജയകരമായ വഴിമാറ്റമായില്ല.

    സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെ ഇത്തരമൊരു വഴിമാറ്റത്തിന് കുഞ്ചാക്കോ ബോബന്‍ ശ്രമിച്ചിരുന്നതാണ്. സാധാരണക്കാരനായ ജയകാന്തന്‍ എന്ന ചെറുപ്പക്കാരനായാണ് ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ആ ചിത്രം വലിയ വിജയമായില്ല. ചിത്രത്തില്‍ മുണ്ട് മാത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്ന പാവം യുവാവിന്റെ കഥാപാത്രം ചാക്കോച്ചന് പ്രത്യേകിച്ച് ഒരു നേട്ടവും നല്‍കിയില്ല.

    സ്ഥിരമായി ഒരേ തരം വേഷം ചെയ്യുന്നതിലൂടെ താന്‍ ടൈപ്പ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനുള്ള കുഞ്ചാക്കോയുടെ ശ്രമം പിന്നീടും തുടര്‍ന്നു. ഷിബു സംവിധാനം ചെയ്ത മായാമോഹിതചന്ദ്രന്‍ എന്ന ചിത്രത്തില്‍ പോസ്റ്മാന്റെ വേഷമിട്ട് കുഞ്ചാക്കോ ബോബന്‍ വ്യത്യസ്തത പരീക്ഷിച്ചുനോക്കി. എന്നാല്‍ ആ ചിത്രം ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല.

    ഇപ്പോള്‍ സിബി മലയിലിന്റെ ജലോത്സവം എന്ന ചിത്രത്തിലൂടെ തന്റെ ഇമേജ് മാറ്റിയെടുക്കാനുള്ല ശ്രമത്തിലാണ് കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്.

    ക്ഷയിച്ചു തുടങ്ങിയ ഒരു തറവാട്ടില്‍ ജനിച്ചുവളര്‍ന്ന ആലയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ ജലോത്സവത്തില്‍ അവതരിപ്പിക്കുന്നത്. മെഡിക്കല്‍ റപ്രസന്റിറ്റീവായ ചന്ദ്രന്‍ പ്രാദേശിക കേബിള്‍ ചാനലില്‍ വാര്‍ത്താ അവതാരകന്‍ കൂടിയാണ്. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ തലയിലേറ്റിയ ചന്ദ്രന്‍ എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്റെ ടൈപ്പ് വേഷങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്.

    ജലോത്സവത്തിലെ ആലയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രം ടൈപ്പ് വേഷങ്ങളില്‍ നിന്ന് മുക്തനാവാന്‍ തന്നെ സഹായിക്കുമെന്നാണ് കുഞ്ചാക്കോ ബോബന്റെ പ്രതീക്ഷ. അടുത്തുതന്നെ റിലീസ് ചെയ്യാനിരിക്കുന്ന ജലോത്സവം തന്റെ കരിയറിലെ ഗതിമാറ്റമായിരിക്കും എന്ന കണക്കുകൂട്ടലിലാണ് ഈ നടന്‍. ജയകാന്തനും പോസ്റ്മാനും സാധിക്കാത്തത് ആലയ്ക്കല്‍ ചന്ദ്രന്‍ കുഞ്ചാക്കോക്ക് നേടിക്കൊടുക്കുമോ?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X