twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍താരങ്ങളിലില്ല, ദിലീപിലുണ്ട്

    By Staff
    |

    സൂപ്പര്‍താരങ്ങളിലില്ല, ദിലീപിലുണ്ട്
    കെ. അരവിന്ദന്‍

    അവാര്‍ഡിനായി കലാമൂല്യമുള്ള ചിത്രങ്ങളില്‍ അഭിനയിക്കുക എന്നൊരു പതിവ് നമ്മുടെ നടന്‍മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ മലയാളത്തില്‍ ദിലീപിനൊഴികെ മുന്‍നിര താരങ്ങള്‍ക്കാര്‍ക്കും അത്തരം ഒരു കമ്പം ഇപ്പോഴില്ലെന്ന് തോന്നുന്നു.

    മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള മമ്മൂട്ടിക്ക് അത് രണ്ടുതവണയും ലഭിച്ചത് കലാമൂല്യമുള്ള സമാന്തരവിഭാഗത്തില്‍ പെടുന്ന സിനിമകളില്‍ അഭിനയിച്ചപ്പോഴായിരുന്നു. ആദ്യത്തെ ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് ലഭിക്കുന്നത് വടക്കന്‍ വീരഗാഥ, മതിലുകള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചതിനാണ്. ഇവയില്‍ മതിലുകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ്.

    ടി. വി. ചന്ദ്രന്റെ പൊന്തന്‍മാട, അടൂരിന്റെ വിധേയന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് രണ്ടാമത്ത ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ തേടിയെത്തുന്നത്. ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ നടന്‍ എന്ന പദവി കമലഹാസനോടൊപ്പം പങ്കുവയ്ക്കുന്നതില്‍ മമ്മൂട്ടി മലയാളത്തിലെ സമാന്തര സിനിമയോട് ഏറെ കടപ്പെട്ടിരിക്കുന്നു എന്ന് ചുരുക്കം.

    രണ്ടു തവണ അഭിനയത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള മോഹന്‍ലാലിന് രണ്ടാമത്തെ ദേശീയ അവാര്‍ഡ് ലഭിക്കുന്നത് ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥം എന്ന ചിത്രത്തിനാണ്. ചിത്രം നിര്‍മിച്ചതും മോഹന്‍ലാലായിരുന്നു. കച്ചവടസിനിമാരംഗത്തെ വിലകൂടിയ താരമായിരിക്കുമ്പോഴും അഭിനയത്തിനുള്ള ദേശീയാംഗീകാരം ലഭിക്കുന്നതിന് മോഹന്‍ലാലിനും സമാന്തര സിനിമയെ ആശ്രയിക്കേണ്ടിവന്നു.

    മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഒടുവിലായി നേടിയ മലയാളി നടന്‍ മുരളിയാണ്. സമാന്തര സിനിമാ വിഭാഗത്തില്‍ പെടുന്ന നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് മുരളിയെ ആദ്യമായി ദേശീയ അവാര്‍ഡിന് അര്‍ഹനാക്കിയത്.

    അഭിനയത്തിനുള്ള പുരസ്കാരങ്ങള്‍ കരസ്ഥമാക്കുന്നതിന് സമാന്തര സിനിമയോട് കടപ്പെട്ടിട്ടുണ്ടെങ്കിലും സമാന്തര സിനിമാ സംരംഭങ്ങളോട് നമ്മുടെ സൂപ്പര്‍താരങ്ങള്‍ക്ക് താത്പര്യം കുറഞ്ഞുവരികയാണോ? മലയാളത്തിലെ മുന്‍നിര താരങ്ങളുടെ സമാന്തര സിനിമകളോടുള്ള മനോഭാവത്തില്‍ മാറ്റം വന്നിരിക്കുന്നുവെന്നാണ് അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

    രാജീവ്്നാഥ് സംവിധാനം ചെയ്യുന്ന മോക്ഷം എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജയറാമിനെയാണ് ആദ്യം ക്ഷണിച്ചിരുന്നത്. സിനിമയില്‍ അഭിനയിക്കാമെന്ന് ജയറാം സമ്മതിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന് മനംമാറ്റം വന്നു. സീനത്ത് അമന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയായിട്ടു പോലും ആ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ ജയറാം തീരുമാനിച്ചു. ടിവി സീരിയല്‍ നടനായ അനൂപിനെ ജയറാമിന് പകരമായി കൊണ്ടുവരേണ്ടിവന്നു രാജീവ്നാഥിന്.

    ശേഷം, തീര്‍ഥാടനം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും ഒരു സംസ്ഥാന അവാര്‍ഡ് പോലും തനിക്ക് ലഭിക്കാത്തത് ഓര്‍ത്താവണം ജയറാം രാജീവ്നാഥിന്റെ ചിത്രത്തില്‍ നിന്ന് പിന്മാറിയത്. മോക്ഷം പോലുള്ള സിനിമാ സംരംഭങ്ങളുമായി സഹകരിക്കാന്‍ താത്പര്യമില്ലെന്നും ജയറാം തുറന്നടിച്ചു.

    അവാര്‍ഡ് ലഭിക്കാത്തതിന്റെ ഇഛാഭംഗം മൂലം സമാന്തര സിനിമയോട് വൈമുഖ്യം പ്രകടിപ്പിക്കുന്ന ആദ്യത്തെ നടനല്ല ജയറാം. ടി. വി. ചന്ദ്രന്റെ ഡാനി എന്ന ചിത്രത്തിലെ അഭിനയം തനിക്ക് അവാര്‍ഡൊന്നും നേടിത്തരാത്തത് മമ്മൂട്ടിയെയും ഇത്തരത്തിലുള്ള പ്രതികരണത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്. ഇനി ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്നും കച്ചവട സിനിമയില്‍ തന്നെ വ്യത്യസ്തമായ വേഷങ്ങള്‍ക്ക് ശ്രമിക്കുമെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. ബഷീറിന്റെ ശബ്ദങ്ങള്‍ എന്ന കൃതിയെ ആസ്പദമാക്കി പ്രിയനന്ദനന്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുമെന്ന് ആദ്യം വാര്‍ത്തയുണ്ടായിരുന്നു. പിന്നീട് ഈ ചിത്രത്തെ കുറിച്ചൊന്നും കേള്‍ക്കാത്തതുമായി മമ്മൂട്ടിയുടെ മുകളില്‍ പറഞ്ഞ പ്രസ്താവനയെ കൂട്ടിവായിക്കണം.

    മോഹന്‍ലാലിന് രണ്ടാമത്തെ ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് വാനപ്രസ്ഥമെങ്കിലും അത്തരം സിനിമകള്‍ ഇനി നിര്‍മിക്കില്ലെന്ന് മോഹന്‍ലാലും തുറന്നടിച്ചിരുന്നു. വാനപ്രസ്ഥം നിര്‍മിച്ചതിന്റെ സാമ്പത്തികനഷ്ടം വച്ചുനോക്കുമ്പോള്‍ ദേശീയ അവാര്‍ഡ് ഒന്നുമല്ലെന്ന് മോഹന്‍ലാലിനും തോന്നിയിട്ടുണ്ടാവണം.

    മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങളൊക്കെ സമാന്തര സിനിമയോട് മുഖം തിരിക്കുമ്പോഴും അതിനോട് താത്പര്യം കാട്ടുന്ന ഒരു മുന്‍നിര നടനുണ്ട്- ദിലീപ്. ടി. വി. ചന്ദ്രന്റെ പുതിയ ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നത് കച്ചവട സിനിമയിലെ പല നല്ല ഓഫറുകളും മാറ്റിവച്ചാണ്.

    മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ താരങ്ങളെ പോലെയല്ല ദിലീപ്. ഇതുവരെ സമാന്തര സിനിമാ വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങളില്‍ ദിലീപ് അഭിനയിച്ചിട്ടില്ല. അടൂരോ ഷാജി എന്‍. കരുണോ ഇതുവരെ ദിലീപിനെ തേടിയെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ടി. വി. ചന്ദ്രന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത് ദിലീപിനെ സംബന്ധിച്ച് തീര്‍ത്തും പുതിയ പരീക്ഷണമാണ്. ഒരു നടനെന്ന നിലയില്‍ ദിലീപ് നടത്തുന്ന പരീക്ഷണങ്ങളുടെ ഭാഗമായിരിക്കണം ഇത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X