പ്രണയമഴ നിലയ്ക്കുന്നില്ല
പ്രണയമഴ നിലയ്ക്കുന്നില്ല
ഏപ്രില്‍ 30, 2002
തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പ്രണയ കഥകളുടെ വൈവിധ്യങ്ങളുമായി മലയാളത്തിലെ എല്ലാ പ്രമുഖ സംവിധായകരും എത്തുകയാണ്. വിനയനും ഫാസിലിനും രഞ്ജിത്തിനും പിന്നാലെ കമലും സിബി മലയിലും രാജസേനനും ജോസ് തോമസും വിജി തമ്പിയും കൗമാരപ്രണയത്തിന്റെ പുതുകഥകളുമായി എത്തുന്നു. അതെ, മലയാളസിനിമയ്ക്ക് ഇത് പ്രണയകാലം തന്നെ.
ഊമകളുടെ പ്രണയത്തിന്റെ കഥ പറയുന്ന വിനയന്റെ ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ ഹിറ്റാണ്. രഞ്ജിത്തിന്റെ നന്ദനം തിയേറ്ററുകളിലെത്താന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇവര്‍ക്ക് പിന്നാലെയാണ് പ്രണയ കഥകളുമായി മറ്റ് സംവിധായകരെത്തുന്നത്.
കമലിന്റെ പുതിയ ചിത്രമായ ഗ്രാമഫോണില്‍ ഒരു ത്രികോണ പ്രണയ കഥയാണ് പറയുന്നത്. ദിലീപ് നായകനാവുന്ന ചിത്രത്തില്‍ നവ്യാ നായരും മീരാ ജാസ്മിനുമാണ് നായികമാര്‍. മേഘമല്‍ഹാറിന് ശേഷം കമല്‍ വീണ്ടും ഒരുക്കുന്ന പ്രണയസിനിമയുടെ കഥ കമലിന്റേതു തന്നെ.
വിജി തമ്പിയുടെ നമ്മള്‍ തമ്മില്‍ എന്ന ചിത്രവും ത്രികോണ പ്രണയകഥയാണ് പറയുന്നത്. കമലിന്റെ ചിത്രത്തില്‍ രണ്ട് നായികമാരും ഒരു നായകനുമാണെങ്കില്‍ വിജി തമ്പി ചിത്രത്തില്‍ രണ്ട് നായകരും ഒരു നായികയുമാണ്. നടന്‍ സുകുമാരന്റെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ നായകര്‍. നായികയായി നവ്യാ നായര്‍.
ക്രിസ്ത്യന്‍, ബ്രാഹ്മണ കുടുംബങ്ങളില്‍ നിന്നുവരുന്ന രണ്ട് കഥാപാത്രങ്ങളെയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും അവതരിപ്പിക്കുന്നത്. ഇവര്‍ പ്രണയിക്കുന്ന മോഡേണ്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് നവ്യാ നായര്‍.
രാജസേനന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരിയിലും പൃഥ്വിരാജ് ആണ് നായകന്‍. രണ്ട് സമാന്തര പ്രണയങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ കടന്നുപോകുന്നത്. അഞ്ജു എന്ന മറ്റൊരു നായകന്‍ കൂടിയുള്ള ചിത്രത്തില്‍ രണ്ട് നായികമാരുമുണ്ട്. പുതുമുഖ നടിയായ അഞ്ജലി കൃഷ്ണയും ഗായത്രി ജയറാമും നായികമാര്‍.
വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ ഊമയായ കാമുകനായി അരങ്ങേറിയ ജയസൂര്യയാണ് ജോസ് തോമസിന്റെ പ്രണയചിത്രത്തില്‍ നായകനാവുന്നത്.
കാമ്പസ് പശ്ചാത്തലത്തിലുള്ള പ്രണയ കഥയാണ് സിബി മലയിലിന്റെ പുതിയ ചിത്രമായ വാലന്റെയ്ന്‍സ് ഡേ പറയുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തില്‍ നായികാ നായകന്മാരാവുന്നത്.


Click it and Unblock the Notifications