അതുല്‍ കുല്‍ക്കര്‍ണിക്കൊപ്പം മീര
അതുല്‍ കുല്‍ക്കര്‍ണിക്കൊപ്പം മീര
ഏപ്രില്‍ 30, 2005
ഹിന്ദി നടന്‍ അതുല്‍ കുല്‍ക്കര്‍ണിയുടെ നായികയായി മീരാ ജാസ്മിന്‍ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നു. ശിശുക്കളെ വില്‍ക്കുന്നതിനെ കുറിച്ചുള്ള പരീക്ഷണ സ്വഭാവമുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ. എന്‍. ടി. ശാസ്ത്രിയാണ്.
അന്യഭാഷകളില്‍ പ്രിയങ്കരിയായി മാറിയ മീര തെലുങ്ക് സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് തെലുങ്കിലെ കച്ചവട സ്വഭാവമില്ലാത്ത ഒരു ചിത്രത്തില്‍ നായികയാവാന്‍ തയ്യാറാവുന്നത്. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ മീരാ ജാസ്മിന്‍ അന്യഭാഷകളിലും അത്തരം പരീക്ഷണചിത്രങ്ങളില്‍ വേഷമിടാന്‍ തയ്യാറാവുകയാണ്.
ആന്ധ്രാപ്രദേശില്‍ ഈയിടെ ഏറെ ഒച്ചപ്പാടുണ്ടാക്കിയ ശിശുവില്പനയെ കുറിച്ചാണ് കെ. എന്‍. ടി. ശാസ്ത്രി ചിത്രമൊരുക്കുന്നത്. കാംലി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആന്ധ്രയിലെ ലംബാഡാ വര്‍ഗക്കാരാണ് പോറ്റാന്‍ കഴിവില്ലാതെ വരുന്നതിനാല്‍ കുട്ടികളെ വില്‍ക്കുന്നത്. പുറംലോകം ഇതേ കുറിച്ചറിഞ്ഞതോടെ ശിശുവില്പന വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
ചിത്രമൊരുക്കുന്ന കെ. എന്‍. ടി. ശാസ്ത്രി പത്രപ്രവര്‍ത്തകനും സിനിമാനിരൂപകനുമാണ്. അദ്ദേഹത്തിന്റെ ആദ്യചിത്രമായ തിലദാനത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സിനിമയെ കുറിച്ച് അദ്ദേഹം പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
വിമാനാപകടത്തില്‍ മരിച്ച നടി സൗന്ദര്യയെയാണ് ഈ ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്. സൗന്ദര്യയുടെ മരണത്തെ തുടര്‍ന്ന് ഈ പ്രൊജക്ട് അനിശ്ചിതത്വത്തിലായി. പിന്നീട് മീരയെ നായികയാക്കി ചിത്രമൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു സംവിധായകന്‍.
മലയാളിയായ ഛായാഗ്രാഹകന്‍ സണ്ണി ജോസഫാണ് ഈ ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്.


Click it and Unblock the Notifications