»   » വെള്ളിമലയില്‍ മമ്മൂട്ടി മൂന്ന് റോളില്‍!!

വെള്ളിമലയില്‍ മമ്മൂട്ടി മൂന്ന് റോളില്‍!!

Posted By:
Subscribe to Filmibeat Malayalam
 Jawan of Vellimala
കരിയറില്‍ മറ്റൊരു ഇരട്ടവേഷത്തിന് കൂടി മമ്മൂട്ടി ഒരുങ്ങുകയാണ്. നവാഗതനായ അനൂപ് കണ്ണന്‍ ഒരുക്കുന്ന ജവാന്‍ ഓഫ് വെള്ളിമലയിലാണ് മമ്മൂട്ടി ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്. ഹൈറേഞ്ചിലെ വെള്ളിമലയെന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് അനൂപ് കണ്ണന്‍ കഥ പറയുന്നത്. വെനീസിലെ വ്യാപാരിയ്ക്ക് ശേഷം ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥ രചിയ്ക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.

വെള്ളിമലയില്‍ സ്ഥിതിചെയ്യുന്ന ഡാമിലെ ജീവനക്കാരനാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ഗോപീകൃഷ്ണന്‍. ചില പ്രത്യേക കാരണത്താല്‍ പട്ടാളത്തില്‍ നിന്ന് പിരിഞ്ഞുപോരേണ്ടി വന്നയാളാണ് ഗോപീകൃഷ്ണന്‍. ഡാമിന്റെ ചുമതലയുള്ള എക്‌സിക്യുട്ടീവ് എന്‍ജിനീയറാണ് വര്‍ഗീസ്. ശ്രീനിവാസനാണ് ഈ വേഷം ചെയ്യുന്നത്. ഒട്ടേറെ ഹിറ്റുകളൊരുക്കിയ മമ്മൂട്ടി-ശ്രീനി കോമ്പിനേഷന്‍ ഒരിയ്ക്കല്‍ കൂടി സംഭവിയ്ക്കുന്നത് പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ സമ്മാനിയ്ക്കുന്നുണ്ട്.

ഡാമിലെ ജീവനക്കാരിയായി മംമ്ത മോഹന്‍ദാസ് എത്തുന്നു. കോശി ഉമ്മന്‍ എന്ന ശക്തമായ കഥാപാത്രമായി ആസിഫ് അലിയും ചിത്രത്തിലുണ്ട്. ഈ കഥാപാത്രങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ജവാന്‍ ഓഫ് വെള്ളിമല പറയുന്നത്. മമ്തയും, പുതുമുഖ നടി ലിയോന ലിഷോയിയും ഉള്‍പ്പെടെ മൂന്നു നായികമാര്‍ ചിത്രത്തിലുണ്ടാവും.

ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് മൂന്നാമതൊരു റോള്‍ കൂടിയുണ്ട്. വെള്ളിത്തിരയില്‍ നിന്നുമിറങ്ങി സിനിമയുടെ നിര്‍മാതാവെന്ന വേഷംകൂടിയാണ് സൂപ്പര്‍താരം അണിയുന്നത്. ആറ് സിനിമകള്‍ വിതരണത്തിനെത്തിച്ച പ്ലേഹൗസിന്റെ ബാനറില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകത ജവാന്‍ ഓഫ് വെള്ളിമലയ്ക്ക് സ്വന്തമാവും.

ജോണി ആന്റണിയുടെ താപ്പാനയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മമ്മൂട്ടി വെള്ളിമലയുടെ ആദ്യ ലൊക്കേഷനായ തൃശൂരിലെ ചിമ്മിനി ഡാമിലെത്തിക്കഴിഞ്ഞു. പീരുമേടാണ് സിനിമയുടെ മറ്റൊരു പ്രധാന ലൊക്കേഷന്‍. പ്രണയത്തിന് മനോഹര ദൃശ്യങ്ങള്‍ ഒരുക്കിയ സതീശ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാലിന്റേതാണ് സംഗീതം.

ലാല്‍ജോസിന്റെ ശിക്ഷണത്തില്‍ മീശമാധവന്‍ മുതല്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് അനൂപ് കണ്ണന്‍ സ്വതന്ത്രസംവിധായകനാവുന്നത്. മമ്മൂട്ടി നായകനായ മറവത്തൂര്‍ കനവിലൂടെ കന്നിച്ചിത്രം ഹിറ്റാക്കിയ ഗുരുവിന്റെ പാത അനൂപ് കണ്ണനും പിന്തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

English summary
Jawan of Vellimala has Megastar Mammootty appearing in double role. Mammootty is also the producer of the movie which takes place in the village of Vellimala located in the high ranges

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam