twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാസനോവക്ക് തിരിച്ചടി; ഇനി ക്രിസ്ത്യന്‍ ബ്രദേഴ്സ്!

    By Staff
    |

    Casanova Launching Programme
    മോഹന്‍ലാല്‍-റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ പ്രസ്റ്റീജ് പ്രൊജക്ടെന്ന നിലയില്‍ ശ്രദ്ധേയമായ കാസനോവ വീണ്ടും തിരിച്ചടി. ചിത്രം നിര്‍മ്മിയ്ക്കാമെന്നേറ്റ നിര്‍മാതാവ് വൈശാഖ രാജന്‍ അവസാന നിമിഷം പ്രൊജക്ടില്‍ നിന്നും പിന്‍മാറിയതാണ് കാസനോവയ്ക്ക് തിരിച്ചടിയായത്.

    ജനുവരി 10ന് തുടങ്ങാനിരുന്ന കാസനോവയുടെ ഷൂട്ടിങ് അനിശ്ചിതമായി നീട്ടിവെയ്ക്കപ്പെട്ട സാഹചര്യത്തില്‍ അടുത്ത കാലത്തൊന്നും ഉണ്ടാകില്ലെന്ന കരുതിയ ജോഷിയുടെ മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് മോഹന്‍ലാല്‍ പച്ചക്കൊടി കാണിച്ചു കഴിഞ്ഞു. ജനുവരി 11ന് ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ ചിത്രീകരണം തുടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം.

    തുടക്കം മുതലേ നേരിട്ട തിരിച്ചടികളാണ് കാസനോവ എന്ന പ്രൊജക്ടിനെ വാര്‍ത്തകളിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷമാദ്യം പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്‍സ് നിര്‍മ്മിയ്ക്കാനിരുന്ന കാസനോവ അന്നും അവസാന നിമിഷത്തിലാണ് നീട്ടിവെയ്ക്കപ്പെട്ടത്. സാഗര്‍ ഏലിയാസ് ജാക്കിയുടെ പരാജയമാണ് കാസനോവയില്‍ നിന്നും പിന്‍മാറാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിച്ചതെന്ന് അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാംഗ്ലൂരില്‍ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ആഘോഷമായി നടത്തിയതിന് ശേഷമായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പ് പിന്‍മാറിയത്.

    പത്ത് കോടിയുടെ ബജറ്റില്‍ വിദേശ ലൊക്കേഷനുകളില്‍ വന്‍താരനിരയെ അണിനിരത്തി നിര്‍മ്മിയ്ക്കാനുദ്ദേശിച്ച ചിത്രത്തിന്റെ ഭാഗ്യക്കേട് അവിടെയാണ് തുടങ്ങിയത്. പിന്നീട് പ്രമുഖ നിര്‍മാതാവായ വൈശാഖ രാജന്‍ ചിത്രവുമായി സഹകരിയ്ക്കാമെന്ന് ഏറ്റതോടെ കാസനോവയ്ക്ക് വീണ്ടും ജീവന്‍ വെച്ചു. പുതുവര്‍ഷത്തില്‍ ഷൂട്ടിങ് ആരംഭിയ്ക്കാനിരുന്ന ചിത്രത്തിന് വേണ്ടി ശാരീരികമായും മാനസികമായും തയ്യാറെടുക്കുന്നതിന് വേണ്ടി മോഹന്‍ലാല്‍ ആയൂര്‍വേദ ചികിത്സയില്‍ പ്രവേശിച്ചത് തന്നെ ഏറെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു.

    ഷൂട്ടിങ് ആരംഭിയ്ക്കാന്‍ ദിവസം നിശ്ചയിച്ച് റോഷന്‍ ആന്‍ഡ്രൂസും ടീമും വിദേശ ലൊക്കേഷനുകളില്‍ വരെ സന്ദര്‍ശനം നടത്തി. ഇതിനിടെ ചിത്രത്തിലെ പ്രധാനസഹതാരമായി നിശ്ചയിച്ചിരുന്ന ആര്യ പിന്‍മാറിയത് അണിയറ പ്രവര്‍ത്തകര്‍ക്ക് മറ്റൊരു പ്രഹരമായി. എന്നാല്‍ കോളിവുഡിലെ യുവതാരം ഗണേഷ് വെങ്കട്ടറാമിനെ ചിത്രത്തിലേക്ക് ക്ഷണിച്ച് അവര്‍ ആ പ്രശ്‌നവും പരിഹരിച്ചു. അങ്ങനെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ഷൂട്ടിങ് തുടങ്ങാനിരിയ്ക്കുമ്പോഴാണ് വൈശാഖയും ചിത്രത്തില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചിരിയ്ക്കുന്നത്.

    ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം മറ്റു കാര്യങ്ങള്‍ കൂടി കണക്കിലെടുത്ത് കാസനോവ തുടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം. ചിത്രം നിര്‍മ്മിയ്ക്കാന്‍ ഇനി ആരുടെയും സഹകരണം വേണ്ടെന്നും താന്‍ തന്നെ നിര്‍മാണം ഏറ്റെടുക്കുമെന്നും ആശീര്‍വാദ് സിനിമാസിന്റെ അമരക്കാരന്‍ ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കുറച്ച് വൈകിയാണെങ്കിലും കാസനോവയുടെ നിര്‍മാണം ഇനി തടസം കൂടാതെ നടക്കുമെന്നാണ് കരുതപ്പെടുന്നത്.

    കാസനോവയെക്കാള്‍ ഏറെ താരസമ്പന്നമായ ക്രിസത്യന്‍ ബ്രദേഴ്‌സ് 2010ലെ ഏറ്റവും വലിയ ബിഗ് ബജറ്റ് പ്രൊജക്ടുകളിലൊന്നാണ്. നിര്‍മാതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് അനിശ്ചിതമായി നീട്ടിവെയ്ക്കപ്പെടുകയായിരുന്നു. ബജറ്റ് മൂന്നരക്കോടിയില്‍ കവിയരുതെന്ന നിബന്ധനായമ് ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് പ്രതിബന്ധമായത്. കാവ്യ മാധവന്‍, സുരേഷ് ഗോപി, ദിലീപ്, ജയസൂര്യ എന്നിങ്ങനെ വമ്പന്‍താര നിര ഒന്നിയ്ക്കുന്ന ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിരിയ്ക്കുന്നത് ഉദയ്-സിബി ടീമാണ്. നിര്‍മാതാക്കളുടെ എതിര്‍പ്പ് നേരിട്ട് കൊണ്ട് തന്നെയാണ് എവി അനുപൂം സുബൈറും ചേര്‍ന്ന് നിര്‍മ്മിയ്ക്കുന്ന ക്രിസ്ത്യന്‍ബ്രദേഴ്‌സിന്റെ ഷൂട്ടിങ് തുടങ്ങുന്നതെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X