»   » ദിലീപ് +ഫാസില്‍ = മോസസ് ഡി സാമുവല്‍

ദിലീപ് +ഫാസില്‍ = മോസസ് ഡി സാമുവല്‍

Subscribe to Filmibeat Malayalam
Dileep
എന്നെന്നും ഓര്‍മ്മയില്‍ തങ്ങി നിലക്കുന്ന ഒരു പിടി ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ഫാസില്‍ നീണ്ട ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് മോസസ് ഡി സാമുവലിന്റെ പ്രത്യേകത.

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകന്‍ ആദ്യമായി ദിലീപിനെ നായകനാക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
തന്റ സ്ഥിരം ചേരുവകളായ കഥയിലെ അപ്രതീക്ഷിതമായ നാടകീയതകളും സംഗീതവും തമാശയും ആവോളമുളള കുടുംബചിത്രമായാണ് മോസ് ഡി സാമുവല്‍ ഫാസില്‍ അവതരിപ്പിയ്ക്കുന്നത്.

ജീവന്‍ ടിവിയില്‍ തിരൈ തെന്‍ട്രല്‍ എന്ന പരിപാടിയുടെ അവതാരകയായ അശ്വതി അശോകാണ് നായിക. തുല്യ പ്രാധാന്യമുളള വേഷത്തില്‍ ബേബി നിവേദിതയും അഭിനയിക്കുന്നു.

അത്യാവശ്യം തട്ടിപ്പും മോഷണവും നടത്തി ജീവിക്കുന്ന സാമുവലാണ് ചിത്രത്തിലെ നായകന്‍. അയാള്‍ക്കൊപ്പം ഒരു കുട്ടിയുണ്ട്. മൂന്നാം ക്ലാസുകാരിയായ ടെസി. തട്ടിപ്പിനും മോഷണത്തിനുമൊക്കെ സാമുവേലിനോടൊപ്പം ടെസിയുമുണ്ട്. സാമുവേലിന്റെ ജീവിതം ടെസിക്കു വേണ്ടിയാണ്. ടെസി ആരാണെന്നത് മറ്റൊരു സസ്പെന്‍സ്.

ഇങ്ങനെ തരികിട ജീവിതം നയിക്കുന്നതിനിടെ മോസ് ഡി സാമുവേലിന്റെ ജീവിതത്തിലേയ്ക്ക് നന്ദനയെന്ന പെണ്‍കുട്ടി അപ്രതീക്ഷിതമായി കടന്നു വരുന്നു. തരികിടകളാണെന്നറിഞ്ഞിട്ടും മോസസിനെയും ടെസിയേയും നന്ദന തനിയ്ക്കൊപ്പം താമസിയ്ക്കാന്‍ അനുവദിയ്ക്കുന്നു.

ഇതിനിടെ പനയ്ക്കല്‍ ദാസന്‍ എന്നൊരാള്‍ മോസസിനെ ഒരു ദൗത്യമേല്പിയ്ക്കുകയാണ്. കൂറ്റന്‍ പ്രതിഫലമാണ് അയാള്‍ വാഗ്ദാനം ചെയ്യുന്നത്. സാമുവലിനെ തേടിയെത്തിയ ദാസന്റെ ദൗത്യമെന്ത്? ഇതിലൂടെയാണ് മോസസ് ഡി സാമുവലിന്റെ കഥ പുരോഗമിയ്ക്കുന്നത്. നന്ദനയുടെ സഹോദരന്‍ സുമേഷ് എന്ന കഥാപാത്രമായി റഹ്മാനും ഈ ചിത്രത്തിലുണ്ട്.

ജോണി സാഗരിക സിനിമ സ്ക്വയറിന്റെ ബാനറില്‍ ജോണി സാഗരികയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ബോഡിഗാര്‍ഡിന്റെ ഷൂട്ടിംഗ് നീണ്ടതിന്റെ ഇടവേളയിലാണ് സാമുവല്‍ ദിലീപ് തീര്‍ക്കാനൊരുങ്ങുന്നത്. മാര്‍ച്ച് 23ന് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ചിത്രീകരണാനന്തര ജോലികള്‍ വേഗത്തില്‍ തീര്‍ത്ത് ഏപ്രില്‍ 14ന് ചിത്രം തിയറ്ററുകളിലെത്തിയ്ക്കാനാണ് ദിലീപ് ശ്രമിയ്ക്കുന്നത്.

സമീപകാല ഫാസില്‍ ചിത്രങ്ങള്‍ക്കൊന്നും വിജയം കണ്ടെത്താന്‍ കഴിയാത്തതാണ് മോസസിന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്. എന്നാല്‍ ദിലീപിനൊപ്പം ഫാസിലെത്തുന്നത് പുതിയ വിജയക്കൂട്ടായ്മ രൂപപ്പെടുത്തുമെന്ന് കരുതുന്നവര്‍ ഏറെ പേരുണ്ട്.

അടുത്ത പേജില്‍
കറുത്ത അച്ഛനും വെളുത്ത മകനും

മുന്‍ പേജില്‍
കാക്കിയുടെ കരുത്തില്‍ സുരേഷ് ഗോപി

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam