»   » കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് സത്യന്‍ വീണ്ടും

കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് സത്യന്‍ വീണ്ടും

Posted By: Super
Subscribe to Filmibeat Malayalam
Jayaram in Sathyan film
മനസ്സിനക്കരെയെന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ജയറാം-സത്യന്‍ കൂട്ടുകെട്ട് ഒന്നിയ്ക്കുന്ന പുതിയ ചിത്രം ഈ സീസണിലെ കറുത്ത കുതിരയാകുമെന്നാണ് കരുതപ്പെടുന്നത്.

കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ സത്യന്‍-ജയറാം ചിത്രങ്ങള്‍ക്കുള്ള സ്വീകര്യത തന്നെയാണ് പുതിയ സിനിമയുടെയും ഹൈലൈറ്റ്. കോളിവുഡ് താരം കനിഹ നായികയാകുന്ന ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കുട്ടനാട്ടിലും പരിസരങ്ങളിലുമായി ദ്രുതഗതിയില്‍ പുരോഗമിയ്ക്കുകയാണ്.

ക്രിസ്ത്യന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം പതിവ് സത്യന്‍ ചിത്രങ്ങളെ പോലെ ഗ്രാമീണതയുടെ നൈര്‍മ്മല്യവും സൗന്ദര്യവും തന്നെയാണ് മുഖമുദ്രയാക്കുന്നത്.

ബെന്നി ചാക്കോയെന്ന കഥാപാത്രത്തെയാണ് ജയറാം ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. അമ്മയും അമ്മാമയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ബെന്നി. കേബിള്‍ ടിവി ഫ്രാഞ്ചൈസി നടത്തിപ്പുകാരനായ ബെന്നിയുടെ ഏകലക്ഷ്യം എങ്ങനെയും പണമുണ്ടാക്കുകയെന്നാണ്.

കുടുംബത്തിലെ ഏക ആണ്‍തരിയായതിനാല്‍ വിദേശത്ത് പോകാനും ബെന്നിയ്ക്ക് കഴിയുന്നില്ല. ഇതിനിടെയാണ് സ്ത്രീധനം വാങ്ങി വിവാഹം കഴിയ്ക്കുകയെന്ന ഗൈഡ് സദാനന്ദന്‍ പിള്ളയുടെ ഉപദേശം ബെന്നിയുടെ ചിന്തകളിലെത്തുന്നത്. സ്ത്രീധനം ചോദിച്ച് വാങ്ങി വിവാഹം കഴിയ്ക്കുകയെന്ന കാര്യത്തോട് ബെന്നിയ്ക്ക് പൂര്‍ണമായും യോജിക്കാന്‍ കഴിയുന്നില്ല.

എന്നാല്‍ നാട്ടുനടപ്പ് പോലെ സ്ത്രീധനം ലഭിയ്ക്കുമെന്നും ഇത് ധനികനാക്കുമെന്ന പിള്ളയുടെ വാക്കുകള്‍ അയാള്‍ക്ക് തള്ളാനും കഴിയുന്നില്ല. അങ്ങനെ കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ ആന്റോയുടെ മകള്‍ ഡെയ്സിയെ ബെന്നി വിവാഹം കഴിച്ചു. എന്നാല്‍ ഈ വിവാഹം ബെന്നിയുടെ മോഹങ്ങളെ തകര്‍ക്കുകയാണ്. കനിഹയാണ് ഡെയ്സിയെ അവതരിപ്പിയ്ക്കുന്നത്. വേണുനാഗവള്ളി, ഇന്നസെന്റ്, മാമുക്കോയ, ലക്ഷ്മി പ്രിയ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തില്‍ നരേനും ഒരു പ്രധാന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്‌ രണ്ടാം തവണയാണ്‌ നരേന്‍ ഒരു സത്യന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. ഇതിന്‌ മുമ്പ്‌ ഇരുവരും ഒന്നിച്ച അച്ചുവിന്റെ അമ്മ വമ്പന്‍ വിജയം നേടിയിരുന്നു. മലയാള സിനിമയിലെ ഷുവര്‍ ബെറ്റ് സംവിധായകനെന്ന് പേര് നേടിയ ആളാണ് സത്യന്‍.

എന്നാല്‍ അടുത്ത കാലത്തായി വെറും ഉപദേശ കഥകളായി സത്യന്‍ ചിത്രങ്ങള്‍ മാറുന്നുവെന്ന് ആരെങ്കിലും പരാതി പറഞ്ഞാല്‍ അതിനെ തള്ളിക്കളയാന്‍ പറ്റില്ല. ചിന്താവിഷയവും രസതന്ത്രവുമൊന്നും പഴയ സത്യന്‍ ചിത്രങ്ങളുടെ നിലവാരത്തില്‍ എത്താതെ പോയത് ഇക്കാരണം കൊണ്ട് തന്നെയാണ്. ഇത് തന്നെയാണ് പുതിയ സത്യന്‍ ചിത്രം നേരിടുന്ന ഭീഷണി.

പതിവ് പോലെ സംഗീത മാന്ത്രികന്‍ ഇളയരാജ സംഗീതമൊരുക്കുന്ന ഈ ജയാറം ചിത്രം മെയ് ഒന്നിന് തിയറ്ററുകളിലെത്തും.

അടുത്ത പേജില്‍
കുട്ടികളെ സ്‌നേഹിച്ച ഭൂതം

മുന്‍ പേജില്‍
കറുത്ത അച്ഛനും വെളുത്ത മകനും

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam