twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുട്ടികളെ മനം കവരാന്‍ പട്ടണത്തില്‍ ഭൂതം

    By Staff
    |

    Pattanathil Bootham
    സീസണിലെ രണ്ടാമത്തെ മമ്മൂട്ടി ചിത്രമായാണ്‌ പട്ടണത്തില്‍ ഭൂതം തിയറ്ററുകളിലെത്തുക. മമ്മൂട്ടി ഭൂതത്തിന്റെ വേഷത്തിലെത്തുന്ന ചിത്രം തുറുപ്പ്‌ ഗുലാന്‍ മാതൃകയില്‍ കുട്ടികളെ കൈയിലെടുക്കുമെന്നാണ്‌ സംവിധായകന്‍ ജോണി ആന്റണിയുടെ പ്രതീക്ഷ.

    ഭൂതമായും മോട്ടോര്‍ സൈക്കിള്‍ അഭ്യാസിയുമായാണ്‌ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്‌. 1980ല്‍ കെ. ജി ജോര്‍ജ്ജ്‌ സംവിധാനത്തില്‍ പുറത്തിറങ്ങിയ മേളയിലാണ്‌ മമ്മൂട്ടി ഇതിന്‌ മുമ്പ്‌ മോട്ടോര്‍ സൈക്കിള്‍ അഭ്യാസിയുടെ വേഷമണിഞ്ഞത്‌.

    29 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരിയ്‌ക്കല്‍ കൂടി മമ്മൂട്ടി സര്‍ക്കസ്‌ തമ്പിനുള്ളിലെത്തുന്നത്‌ മോട്ടോര്‍ ബൈക്ക്‌ അഭ്യാസിയേയും ഭൂതത്തെയും അവതരിപ്പിച്ചു കൊണ്ടാണ്‌. മുമ്പ്‌ പലപ്പോഴും ഇരട്ട വേഷമണിഞ്ഞിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്‌തമായി ഒരു ഫാന്റസിയുടെ മൂഡിലാണ്‌ മമ്മൂട്ടി പട്ടണത്തില്‍ ഭൂതത്തിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ പകരുന്നത്‌.

    ട്വന്റി20യുടെ വമ്പന്‍ വിജയത്തിന്‌ ശേഷം സിബി-ഉദയന്‍മാര്‍ തിരക്കഥയെഴുതുന്ന പട്ടണത്തില്‍ ഭൂതത്തിലൂടെ കാവ്യ മാധവന്‍ ആദ്യമായി സൂപ്പര്‍ താരത്തിന്റെ നായികയാകുകയാണ്‌.

    തെരുവ്‌ സര്‍ക്കസുകളില്‍ സാഹസിക പ്രകടനം കാഴ്‌ചവെയ്‌ക്കുന്ന ജിമ്മി നാട്ടിലെ വമ്പന്‍ സര്‍ക്കസ്‌ കമ്പനികളുടെ നോട്ടപ്പുള്ളിയാണ്‌. എന്നാല്‍ ജിമ്മിക്കിഷ്ടം തെരുവ്‌ തന്നെയാണ്‌. തെരുവില്‍ നിന്ന്‌ കിട്ടുന്ന സുഖമൊന്നും സര്‍ക്കസ്‌ തമ്പില്‍ നിന്ന്‌ കിട്ടില്ലെന്ന പക്ഷക്കാരനാണ്‌ ജിമ്മി.

    എന്നാല്‍ ഗുരുതുല്യനായ കൃഷ്‌ണേട്ടന്റെ നിര്‍ബന്ധപ്രകാരം ഒരു സര്‍ക്കസ്‌ കമ്പനിയില്‍ ജിമ്മി ചേരുന്നു. തന്റെ സാഹസിക പ്രകടനങ്ങളിലൂടെ കാണികളുടെ ജിമ്മി കൈയ്യിലെടുക്കുന്നു.

    എന്നാല്‍ ജിമ്മിയുടെ വരവ്‌ ഒരു കൂട്ടര്‍ക്ക്‌ പിടിയ്‌ക്കുന്നില്ല. അവര്‍ സംഘടിച്ച്‌ ജിമ്മിക്കെതിരെ തിരിയുന്നതോടെ തമ്പിനുള്ളില്‍ കലാപക്കൊടി ഉയര്‍ന്നു. ഇതിനിടെ കുട്ടികളുടെ ഉറ്റ തോഴനായ ഭൂതവും എത്തുന്നതോടെ ചിത്രം കൂടുതല്‍ രസകരമാകുകയാണ്‌.

    ജിമ്മിയെ മമ്മൂട്ടിയും കൃഷ്‌ണേട്ടനെ ഇന്നസെന്റുമാണ്‌ അവതരിപ്പിയ്‌ക്കുന്നത്‌. സര്‍ക്കസ്‌ ഉടമസ്ഥന്റെ മകളായ ആന്‍സിയായി കാവ്യയും അഭിനയിക്കുന്നു. ജനാര്‍ദ്ദനന്‍, രാജന്‍ പി ദേവ്‌, വിജയരാഘവന്‍, കൊച്ചിന്‍ ഹനീഫ, സലീം കുമാര്‍, ഭീമന്‍ രഘു, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ഉണ്ടപക്രു എന്നിങ്ങനെ ഒരു വമ്പന്‍ താരനിര തന്നെ പട്ടണത്തില്‍ ഭൂതത്തിലുണ്ട്‌.

    ധാരാളം ഗ്രാഫിക്‌സ്‌ വര്‍ക്കുകള്‍ ആവശ്യമായ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്‌ അഴകപ്പനാണ്‌. മെയ്‌ ഒന്നിന്‌ പ്രദര്‍ശനത്തിനെത്തുന്ന പട്ടണത്തില്‍ ഭൂതം ഒരു ഷുവര്‍ ഹിറ്റായിരിക്കുമെന്നാണ്‌ പ്രതീക്ഷിയ്‌ക്കപ്പെടുന്നത്‌.

    നന്നായി കൈകാര്യം ചെയ്താല്‍ മമ്മൂട്ടിയുടെ ഹാസ്യ ചിത്രങ്ങള്‍ പണം വാരിപ്പടങ്ങളായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. രാജമാണിക്യവും തുറുപ്പ് ഗുലാനും അണ്ണന്‍ തന്പിയുമെല്ലാം ഇതിന് ഉദാഹരണം. എന്നാല്‍ ചെറിയൊരു പാളിച്ച പറ്റിയാല്‍ പരാജയത്തിന്റെ പടുകുഴിയിലേക്കായിരിക്കും മമ്മൂട്ടിയുടെ കോമഡി ചിത്രങ്ങളുടെ പോക്കെന്ന കാര്യം ഭൂതത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഓര്‍ത്തിരിക്കേണ്ട കാര്യമാണ്.

    ഇനിയും ഒരു പിടി ചിത്രങ്ങള്‍ മധ്യവേനല്‍ അവധിക്കാലം ലക്ഷ്യമിട്ട് അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മികച്ച ചിത്രമാണെങ്കില്‍ തിരഞ്ഞെടുപ്പും ക്രിക്കറ്റും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിയ്ക്കുമെന്ന് തന്നെയാണ് മുന്‍കാല അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളത്. കാത്തിരിയ്ക്കാം ജാക്കിയോ ഭൂതമോ അല്ലെങ്കില്‍ ഹരിഹറിലെ പൂവാലന്‍മാരോ വിജയിക്കുന്നതെന്ന്?.

    മുന്‍പേജില്‍

    ജയറാം-സത്യന്‍ ടീം വീണ്ടുംജയറാം-സത്യന്‍ ടീം വീണ്ടും

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X