പ്രേംനസീറും ജയനും വീണ്ടും
പ്രേംനസീറും ജയനും വീണ്ടും
മെയ് 02, 2001
മണ്‍മറഞ്ഞ നടന്മാരായ പ്രേംനസീറും ജയനും മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. എന്നാല്‍ ഇവര്‍ അപരന്മാരുടെ രൂപത്തിലാണ് എത്തുന്നത് എന്ന വ്യത്യാസമുണ്ട്.
കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടും അനേകം പ്രേക്ഷകരുടെ ഹൃദയങ്ങളിലെ ആരാധനാപാത്രങ്ങളായി തുടരുന്ന ഇവര്‍ നിസ്സാര്‍ സംവിധാനം ചെയ്യുന്ന അപരന്മാര്‍ നഗരത്തില്‍ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാള സിനിമയിലെത്തുന്നത്.
ജയനെ അനുകരിക്കുന്നതില്‍ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ള രാജാസാഹിബാണ് ജയനായി വെള്ളിത്തിരയിലെത്തുന്നത്. ജയന്റെ രൂപത്തോട് സാദൃശ്യമുള്ള രാജാസാഹിബ് ജഗപൊഗ എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയനായത്. മിമിക്രി കലാകാരനായ കോട്ടയം നസീറാണ് പ്രേംനസീറിനെ അവതരിപ്പിക്കുന്നത്.
ജയനെ നായകനാക്കി സിനിമയെടുക്കാന്‍ തീരുമാനിച്ച നടേശന്‍ മുതലാളി ഒരു അപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലാകുന്നതും ബോധം തിരിച്ചുകിട്ടിയ ശേഷം ജയന്‍ മരിച്ച വിവരം അറിയാതെ ജയനെപ്പോലെയുള്ള നടനെ വച്ച് സിനിമയെടുക്കുന്നതുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
ടി. എസ്. രാജു, നവാസ്, സാജുകൊടിയന്‍, മോഹനചന്ദ്രന്‍, നാസ്സര്‍, ബീന, ബാബിലോണ, സോണിയ,സുധി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നിസ്സാറിന്റേതാണ് ചിത്രത്തിന്റ കഥ. തിരക്കഥയും സംഭാഷണവും ടൈറ്റസ് മജു നിര്‍വഹിച്ചിരിക്കുന്നു.
രമേശ് ഇളമന്‍ നമ്പൂതിരിയുടെ ഗാനങ്ങള്‍ക്ക് സനല്‍നായര്‍ ഈണം പകര്‍ന്നിരിക്കുന്നു. എം. ജി. ശ്രീകുമാര്‍, ബിജുനാരായണന്‍, ശുഭാ നവാസ് എന്നിവരാണ് ഗായകര്‍. മുത്തു ഛായാഗ്രഹണവും ജി. മുരളി ചിത്രസംയോജനവും നിര്‍വഹിക്കുന്നു. ത്രീഹാന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹനചന്ദ്രന്‍ നിര്‍മ്മിക്കുന്ന അപരന്മാര്‍ നഗരത്തില്‍ ചിത്രംഗന പ്രദര്‍ശനത്തിനെത്തിക്കുന്നു.


Click it and Unblock the Notifications