twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പതാകയേന്തി സുരേഷ് ഗോപി വരുന്നു

    By Staff
    |

    പതാകയേന്തി സുരേഷ് ഗോപി വരുന്നു
    മെയ് 2, 2006

    മാര്‍ച്ചിലും ഏപ്രിലിലുമായി മൂന്ന് ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി റിലീസ് ചെയ്തത്. മെയ് അഞ്ചിന് അടുത്ത ചിത്രവുമെത്തും- കെ.മധു സംവിധാനം ചെയ്ത പതാക.

    വിഷുചിത്രമായ ചിന്താമണി കൊലക്കേസ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് അടുത്ത സുരേഷ് ഗോപി ചിത്രമെത്തുന്നത്. രാഷ്ട്രം റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കകം ചിന്താമണി കൊലക്കേസ് തിയേറ്ററുകളിലെത്തിയിരുന്നു. ചിന്താമണി തിയേറ്റര്‍ വിടുന്നതിനു മുമ്പേ പതാകയുമെത്തുന്നു.

    രാഷ്ട്രത്തില്‍ മുഖ്യമന്ത്രിയായി അഭിനയിച്ച സുരേഷ് ഗോപി പതാകയില്‍ മന്ത്രിയായാണ് അഭിനയിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് 22 വര്‍ഷം മുമ്പ് സിനിമാനിര്‍മാണ രംഗത്തു നിന്ന് പിന്‍മാറിയ തരംഗിണിയാണ്. തരംഗണി എന്ന ബാനറിനു പിന്നില്‍ സിനിമക്കു വേണ്ടി യഥാര്‍ഥത്തില്‍ പണമിറക്കുന്നത് മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയാണെന്ന് കേള്‍ക്കുന്നുണ്ട്.

    ഐസ്ക്രീം പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന കുഞ്ഞാലിക്കുട്ടി പതാകയിലൂടെ തന്റെ കളങ്കപ്പെട്ട ഇമേജ് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണത്രെ. പെണ്‍വാണിഭ കേസില്‍ അകപ്പെടുകയും അതില്‍ നിന്ന് തന്റെ തന്ത്രങ്ങളിലൂടെ രക്ഷപ്പെടുകയും ചെയ്യുന്ന വ്യവസായമന്ത്രിയാണ് ഈ ചിത്രത്തിലെ നായകന്‍!

    വ്യവസായമന്ത്രി ജോര്‍ജ് തര്യന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തര്യന്റെ എല്ലാ നീക്കങ്ങള്‍ക്കും കരുത്ത് പകരുന്ന അമ്മ എലിസബത്ത് മാമനായി ഷീല അഭിനയിക്കുന്നു.

    വ്യവസായമന്ത്രിയെന്ന നിലയില്‍ പേരെടുക്കുകയും ഐടി രംഗത്തിന്റെ വളര്‍ച്ചക്ക് നേതൃത്വം നല്‍കുകയും ചെയ്ത മന്ത്രിയാണ് ജോര്‍ജ് തര്യന്‍. അദ്ദേഹത്തെ രാഷ്ട്രീയമായി നശിപ്പിക്കാനായി ശത്രുക്കള്‍ ചില പദ്ധതികള്‍ ആസൂത്രണം ചെയ്തു. അങ്ങനെയാണ് പെണ്‍വാണിഭകേസില്‍ തര്യന്‍ അകപ്പെടുന്നത്. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ തര്യന് ബുദ്ധിപൂര്‍വമായ ശ്രമങ്ങളിലൂടെ കഴിഞ്ഞു.

    കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ഈ ചിത്രത്തിന്റെ കഥക്ക് ബന്ധമൊന്നുമില്ലെന്നാണ് സംവിധായകന്‍ കെ.മധു പറയുന്നത്. എന്നാല്‍ റോബിന്‍ തിരുമല തിരക്കഥയെഴുതിയ ഈ ചിത്രം സംവിധാനം ചെയ്യാമെന്നേറ്റിരുന്ന ഹരിദാസ് പിന്‍മാറിയത് രാഷ്ട്രീയസമ്മര്‍ദങ്ങളുണ്ടെന്നും പകരം കെ.മധു സംവിധായകനായെത്തിയത് മറ്റ് ചില രാഷ്ട്രീയനീക്കങ്ങളുടെ ഭാഗമായാണെന്നും അഭ്യൂഹങ്ങളുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X